UDF

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

പാമോയില്‍: വി.എസിന്റെ അഞ്ചു വര്‍ഷത്തെ മൗനം എന്തിന്?

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അറിയാമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. അഴിമതി മറച്ചുവയ്ക്കലിന് അച്യുതാനന്ദന്‍ കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

''കഴിഞ്ഞദിവസം എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് അച്യുതാനന്ദന്‍ പാമോയില്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. മറ്റൊരു കാര്യവും ചോദിക്കരുതെന്ന് നിര്‍ദേശം നല്‍കിയതിനാലാണ് എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം എന്നു പറഞ്ഞത്. പാമോയില്‍ കേസില്‍, അന്നത്തെ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടായിരുന്നു എന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞ്. എന്നാല്‍ എ-ഐ തര്‍ക്കം മുതലെടുക്കാന്‍ വേണ്ടി താന്‍ കാത്തിരുന്നുവെന്നും അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ടി.എച്ച്.മുസ്തഫ നടത്തിയ വെളിപ്പെടുത്തലോടെയാണ് എന്റെ പങ്ക് ചര്‍ച്ചയായതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇപ്പോള്‍ തനിക്ക് അഞ്ച് വര്‍ഷം മുമ്പേ ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. എങ്കില്‍ അധികാരത്തിലിരുന്ന സമയത്ത് അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരെ നടപടി സ്വീകരിച്ചില്ല? ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരെക്കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?''ഉമ്മന്‍ ചാണ്ടി ചോദിച്ചു. പാമോയില്‍ കേസില്‍ തനിക്കൊന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

''പാമോയില്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം സുതാര്യമാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ കേസ് നടത്താന്‍ എല്‍.ഡി.എഫ് നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാത്തതും അതുകൊണ്ടാണ്. സാധാരണ നിലയില്‍ പുതിയ ഗവണ്‍മെന്റ് വരുമ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുന്ന പതിവ് ഇക്കാര്യത്തില്‍ വേണ്ടെന്ന് വെച്ചതാണ്. ഈ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച കുറിപ്പുകളില്‍ ഒപ്പുവെയ്ക്കാന്‍ പോലും അച്യുതാനന്ദന്‍ അന്ന് തയ്യാറായിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറില്‍ നിന്ന് ലഭിച്ച നിയമോപദേശത്തില്‍ ഒപ്പിടാന്‍ പോലും കൂട്ടാക്കാത്ത അച്യുതാനന്ദനാണ് ഇപ്പോള്‍ എന്റെ പങ്കിനെക്കുറിച്ച് പറയുന്നത്. 

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് അവര്‍ വിചാരിച്ചു. എന്നാല്‍ അത് നടന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹം രാജിവയ്ക്കുന്നത്'' - ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒന്നരദശാബ്ദം മുമ്പ് വി.എസ് എഴുതിയ 'പാമോയില്‍ അഴിമതി: കരുണാകരന്‍ ഒന്നാംപ്രതി'എന്ന പുസ്തകം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. ഈ പുസ്തകത്തില്‍ ഒരിടത്തും താന്‍ പ്രതിയാണെന്ന് പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. വി.എസ് എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം നടത്തി ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സഹിക്കാന്‍ വയ്യാത്ത, അദ്ദേഹത്തിന്റെ ചില ആള്‍ക്കാരാണ് തനിക്ക് ഈ പുസ്തകമെത്തിച്ചതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.