UDF

2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

യുവാക്കള്‍ക്കുള്ള പാക്കേജിനൊപ്പമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തൂ - മുഖ്യമന്ത്രി

യുവാക്കള്‍ക്കുള്ള പാക്കേജിനൊപ്പമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തൂ - മുഖ്യമന്ത്രി

തിരുവനന്തപുരം: യുവാക്കള്‍ക്കുകൂടി സ്വീകാര്യമായ പാക്കേജിനൊപ്പമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ തൊഴില്‍രഹിതരായ യുവാക്കളെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച സജീവവുമാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നയാവശ്യത്തിന് പ്രസക്തിയുണ്ട്. ഒപ്പം തന്നെ തൊഴില്‍ രഹിതരായ യുവജനങ്ങളുടെ ആശങ്ക കാണാതിരിക്കാനുമാകില്ല. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സമയമെടുക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിക്കവെ പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഏകീകരിച്ചത് ധാരാളം പരാതിക്കിടയാക്കുന്നുണ്ട്. പ്രായോഗികമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ഏകീകരണം നടപ്പാക്കിയതോടെ ഫലത്തില്‍ വിരമിക്കല്‍ 56 വയസ്സിലായിരിക്കയാണ്. ഈ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.