UDF

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

വിവാദങ്ങളുടെ കെണിയില്‍ പെടില്ല; വികസനവുമായി മുന്നോട്ട് പോകും

വിവാദങ്ങളുടെ കെണിയില്‍ പെടില്ല; വികസനവുമായി മുന്നോട്ട് പോകും


 വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള കെണിയില്‍ താന്‍ വീഴില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് റിസല്‍ട്ടാണ്. അതുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി സമയം നഷ്ടമാകാന്‍ ഇനി ഇടവരുത്തില്ല. കഴിഞ്ഞകാലത്ത് ഉണ്ടായ വികസന നഷ്ടങ്ങള്‍ നികത്തി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് സാധാരണ വേഗം പോര -ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയിലെയോ മുന്നണിയിലെയോ അഭിപ്രായ വ്യത്യാസം ഒരിക്കലും ജനങ്ങളെ ബാധിക്കാന്‍ അനുവദിക്കില്ല. വികസനത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒരുദിവസം പോലും നഷ്ടപ്പെടരുതെന്ന് സര്‍ക്കാരിന് വാശിയുണ്ട്. കെ.എസ്.ആര്‍.ടി.സി.യില്‍ 10 വര്‍ഷം കഴിഞ്ഞ 'എം' പാനലുകാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെയ്യാന്‍ തീരുമാനിച്ച കാര്യം ഒരു ഘടകകക്ഷിയുടെ എതിര്‍പ്പുമൂലം നടക്കാതെ പോയെന്നാണ് അന്ന് മന്ത്രിയായിരുന്ന മാത്യു ടി. തോമസ് പറഞ്ഞത്. സ്റ്റാമ്പ് ഡ്യൂട്ടി തര്‍ക്കത്തില്‍ സ്മാര്‍ട്ട് സിറ്റി രണ്ടുവര്‍ഷം വൈകി. തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പദ്ധതി നടക്കട്ടെ എന്ന നിലപാടാണ് യു. ഡി.എഫ്. സ്വീകരിച്ചത്. ഒമ്പത് മാസം കൊണ്ട് അത്ഭുതം കാട്ടിയെന്ന് പറയുന്നില്ല. എന്നാല്‍, പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ ആത്മാര്‍ത്ഥത കാട്ടി.

കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, ഹൈ സ്​പീഡ് ട്രെയിന്‍, തിരുവനന്തപുര, കോഴിക്കോട് മോണോ റെയില്‍ തുടങ്ങി വികസന കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇതിനൊക്കെ ശക്തിപകരുന്ന ജനവിധി പിറവത്തു നിന്ന് ഉണ്ടാകുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം ഉണ്ട്.

'കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിക്കും' എന്ന് മുദ്രാവാക്യം വിളിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളവര്‍ ഇപ്പോള്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് പറഞ്ഞതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പിണറായി ഇത് പറയുന്നത് -ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭാ തര്‍ക്കത്തില്‍ രണ്ട് വിഭാഗങ്ങളുമായി സബ് കമ്മിറ്റി ചര്‍ച്ച ചെയ്തുവരികയാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കോച്ച് ഫാക്ടറിയില്‍ സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പൊതുമേഖല രംഗത്തുവന്നാല്‍ അവര്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ആരും വന്നില്ലെങ്കിലേ സ്വകാര്യ മേഖലയെ പരിഗണിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.