ഒരേ മരുന്നിന് പല വില ഈടാക്കുന്നത് നിയന്ത്രിക്കും - മുഖ്യമന്ത്രി
ഐ.ഐ.ഡി ആസ്ഥാനത്തിന് കല്ലിട്ടു

തിരുവനന്തപുരം: വിപണിയില്‍ ഒരേ മരുന്നിന് പല വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസിന്റെ (ഐ.ഐ.ഡി.) ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
ജീവിത ശൈലീരോഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വിലയേറിയ മരുന്നുകള്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാന്‍ നടപടിയെടുക്കും. ആരോഗ്യരംഗത്ത് കേരളം മുന്നിലാണെങ്കിലും ജീവിതശൈലീരോഗങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരുന്നു. ഐ.ഐ.ഡി. ഡയറക്ടര്‍ ഡോ. മീനുഹരിഹരന്‍, എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ചീഫ് എന്‍ജിനീയര്‍ പി. ചന്ദ്രകുമാര്‍, കൗണ്‍സിലര്‍മാരായ ജോണ്‍സണ്‍ ജോസഫ്, കെ. സുരേഷ്‌കുമാര്‍, ശ്രീകുമാര്‍, ഡി.എം.ഇ. ഡോ. വി. ഗീത, ആരോഗ്യ കേരളം ജില്ലാ മാനേജര്‍ ഡോ. ബി. ഉണ്ണിക്കൃഷ്ണന്‍, ഐ.ഐ.ഡി. അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ആന്‍ഡ് ജീറിയാട്രിക് കെയര്‍ ആയി ഐ.ഐ. ഡിയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുലയനാര്‍കോട്ടയില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. 6.22 കോടി രൂപ മുടക്കി എച്ച്.എല്‍.എല്‍. ലൈഫ് കെയറാണ് മന്ദിരം നിര്‍മിക്കുന്നത്.