UDF

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

സര്‍ക്കാരുകളെ താരതമ്യം ചെയ്ത് ജനങ്ങള്‍ യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും -ഉമ്മന്‍ചാണ്ടി


സര്‍ക്കാരുകളെ താരതമ്യം ചെയ്ത് ജനങ്ങള്‍ യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും -ഉമ്മന്‍ചാണ്ടി

കൊച്ചി: കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിനേയും പത്തുമാസത്തെ ഐക്യമുന്നണി സര്‍ക്കാരിനേയും ജനങ്ങള്‍ താരതമ്യം ചെയ്യുമെന്നും പിറവത്ത് യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിറവത്ത് പാറപ്പാലില്‍ ഗ്രൗണ്ടില്‍ യു.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. യു.ഡി.എഫിനെ കടത്തി വെട്ടാമെന്ന് കരുതി ഉപ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പിണറായി വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫ്. ആദ്യം ഏറ്റെടുത്തത് ആ വെല്ലുവിളിയാണ്. പിറവത്തെ ജനവിധി സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാകും. അഞ്ചുവര്‍ഷത്തെ ഇടതു ഭരണത്തിന്റെ അനുഭവം ജനമനസ്സിലുണ്ട്. 10 മാസത്തെ യു.ഡി.എഫ്. സര്‍ക്കാരിന്റെ അനുഭവവും അവര്‍ക്കറിയാം. ഇത് വിലയിരുത്തി അവര്‍ അനൂപ് ജേക്കബിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും. സര്‍ക്കാരിന് നേരിയ ഭൂരിപക്ഷമേയുള്ളുവെന്നതിനാല്‍ പ്രവര്‍ത്തിക്കാനാവില്ല എന്നാണ് ഇടതുമുന്നണി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഒമ്പതുമാസക്കാലത്തെ ഭരണത്തില്‍ ജനത്തെ ബാധിക്കുന്ന എന്തെങ്കിലും ഒരു പ്രശ്‌നം, ഭൂരിപക്ഷം കുറഞ്ഞതുകൊണ്ടോ, മുന്നണിയിലെ അഭിപ്രായ വ്യത്യാസം കൊണ്ടോ ഒരു ദിവസം മാറ്റിവച്ചിട്ടുണ്ടോ? ഉമ്മന്‍ചാണ്ടി ചോദിച്ചു.

കേരള വികസനത്തില്‍ അഞ്ചുവര്‍ഷം ഇല്ലാതാക്കിയവര്‍ യു.ഡി.എഫ് വികസന രംഗത്ത് കുതിക്കുമ്പോള്‍ അസൂയ കാട്ടിയിട്ട്, അസ്വസ്ഥത കാട്ടിയിട്ട് കാര്യമില്ല. വികസനവും കരുതലും എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിന് നാടിന്റെ അംഗീകാരം ഉണ്ടാവണം. പിറവം തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട് -ഉമ്മന്‍ചാണ്ടി പറഞ്ഞു.