UDF

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

അയല്‍ബന്ധത്തില്‍ പോറലേല്‍ക്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം തീരും: മുഖ്യമന്ത്രി

ഇടുക്കി: തമിഴ്‌നാടുമായുള്ള നല്ല അയല്‍ബന്ധത്തില്‍ പോറലേല്‍ക്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വാഴത്തോപ്പ്‌ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 117 വര്‍ഷം കഴിഞ്ഞ അണക്കെട്ട്‌ കേരളത്തിന്റെ ആകെ ആശങ്കയാണ്‌. ഇതു സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. 

തമിഴനു ജലവും കേരളത്തിനു സുരക്ഷയും എന്ന മുദ്രാവാക്യം ലക്ഷ്യം കാണും. പ്രശ്‌നപരിഹാരത്തിനു കേരളം നിരന്തരം ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. 1977 ജനുവരി ഒന്നിനു മുമ്പുള്ള കൈവശക്കാര്‍ക്കു മുഴുവന്‍ പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. മുമ്പും ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തിരുന്നുവെങ്കിലും നടപടി പൂര്‍ണമായിട്ടില്ല. അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പിനു നിര്‍ദേശം കൊടുത്തിട്ടുണ്ട്‌. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെ ഉപേക്ഷിച്ച വൈദ്യുതിപദ്ധതിക്കായി ഏറ്റെടുത്ത സ്‌ഥലങ്ങളില്‍ പട്ടയം കൊടുക്കും. നാല്‌ ഏക്കറിനു മുകളില്‍ പട്ടയം കൊടുക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. ഇതു സംബന്ധിച്ച തടസം നീക്കും. ഇടുക്കി അണക്കെട്ട്‌ മുതല്‍ കട്ടപ്പന വരെ റോഡിനിരുവശവും പാരിസ്‌ഥിതിക ദുര്‍ബല പ്രദേശമാക്കാനുള്ള ശിപാര്‍ശ അംഗീകരിക്കില്ല. മൂന്നു താലൂക്ക്‌ ഇങ്ങനെയാക്കാനുള്ള റിപ്പോര്‍ട്ടും സര്‍ക്കാര്‍ അംഗീകരിക്കില്ല. 

പതിമൂന്നു ജില്ലകളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 5,41,000 പരാതി ലഭിച്ചു. ഇടുക്കിയില്‍ 36,000 പരാതി കിട്ടി. ഇതുവരെ ആറു ജില്ലയില്‍ അവലോകനം നടന്നതായും അദ്ദേഹം പറഞ്ഞു.

റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി പി.ജെ. ജോസഫ്‌, പി.ടി തോമസ്‌ എം.പി, എം.എല്‍.എമാരായ ഇ.എസ്‌. ബിജിമോള്‍, എസ്‌. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അലക്‌സ് കോഴിമല, ജില്ലാ കലക്‌ടര്‍ ഇ. ദേവദാസന്‍, കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ ജോയി തോമസ്‌, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ഇ.എം ആഗസ്‌തി, ഡി.സി.സി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉസ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയി വര്‍ഗീസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.