UDF

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

പാലക്കാട്ടേത് രാജ്യത്തെ മികച്ച കോച്ച്ഫാക്ടറിലോകത്തെ മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ കഞ്ചിക്കോട്ട് നിര്‍മിക്കുക ഹൈടെക് അലുമിനിയം കോച്ചുകള്‍. 555 കോടിരൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്നകഞ്ചിക്കോട് ഫാക്ടറി രാജ്യത്തെ ഏറ്റവുംമികച്ച കോച്ച്ഫാക്ടറിയായിരിക്കും. ആദ്യഘട്ടത്തില്‍ വര്‍ഷം 400 കോച്ചുകള്‍ നിര്‍മിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി അടുത്തഘട്ട വികസനവും യാഥാര്‍ഥ്യമാക്കും.

പാലക്കാട് ചെറിയ കോട്ടമൈതാനത്ത് ചൊവ്വാഴ്ച കോച്ച്ഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദിയാണ് ഇക്കാര്യം അറിയിച്ചത്. ഭാരംകുറഞ്ഞ അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുന്ന ഫാക്ടറി കേരളത്തിനും ഇന്ത്യന്‍ റെയില്‍വേക്കും പൊന്‍തൂവലായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കോച്ച്ഫാക്ടറി സ്ഥാപിക്കുക. അനുബന്ധവ്യവസായങ്ങളുടെ വന്‍ശൃംഖല പാലക്കാട്ട് വരും. കൂടുതല്‍പേര്‍ക്ക് തൊഴില്‍ ലഭിക്കും. സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കോച്ച്ഫാക്ടറി വൈകാന്‍ കാരണം. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. വന്‍കിടഫാക്ടറിതന്നെയാണ് പാലക്കാട്ടും വരുന്നത്. ഇത് ആദ്യഘട്ടംമാത്രമാണ്. അടുത്തഘട്ടത്തിനുള്ള സ്ഥലം കിട്ടുന്നതോടെ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, സ്‌കൂള്‍ തുടങ്ങി എല്ലാവിധസംവിധാനങ്ങളും വരും. ഇതോടെ റെയില്‍വേ വികസനത്തില്‍ കേരളത്തിന്റെ സ്ഥാനം ഉയരും.

സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങളാണ് റെയില്‍വേയുടെ വന്‍കിടപദ്ധതികള്‍ക്ക് തടസ്സം. പല പദ്ധതികളും നിര്‍ത്തിവെക്കാനും വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നതിനും കാരണമിതാണ്. സംസ്ഥാനങ്ങളുടെ സഹകരണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. റെയില്‍വേ വികസനത്തിന് സ്ഥലം നല്‍കാന്‍ പൊതുജനങ്ങളും മുന്നോട്ടുവരണം. ആധുനികവത്കരണം പൂര്‍ത്തിയാക്കാതെ റെയില്‍വേക്ക്മുന്നോട്ടുപോവാനാവില്ലെന്ന് ദിനേശ് ത്രിവേദി വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസനപദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തിലുള്ളതാവണം. സുരക്ഷയും വികസനവുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് റെയില്‍വേയെ രക്ഷിക്കാന്‍ ബജറ്റില്‍ കൂടുതല്‍ ഫണ്ട് വകയിരുത്തണം. വരുന്ന റെയില്‍വേബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

കോച്ച്ഫാക്ടറി കേരളവികസനത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി കേരളം ഒറ്റക്കെട്ടായി കോച്ച്ഫാക്ടറിക്കായി ശബ്ദമുയര്‍ത്തുന്നു. കേന്ദ്രവും സംസ്ഥാനവും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. വരുന്ന സാമ്പത്തികവര്‍ഷംതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. ഫാക്ടറിക്ക് എല്ലാവിധസഹകരണവും നല്‍കും. വര്‍ഷം 600 കോച്ചുകള്‍ നിര്‍മിക്കാനാണ് കഞ്ചിക്കോട്ട് ലക്ഷ്യമിട്ടിരിക്കുന്നത്. തുടക്കത്തില്‍ 400 എണ്ണം. ആദ്യം വിഭാവനംചെയ്തത് 12000 കോടിയുടെ ഫാക്ടറിയായിരുന്നു. പിന്നീട് 5000 കോടിയും ഒടുവില്‍ 550 കോടിയുമാക്കി.ഇതൊരു കുറവല്ല.

ഘട്ടംഘട്ടമായി ആദ്യം വിഭാവനംചെയ്തരീതിയില്‍ തന്നെ കോച്ച്ഫാക്ടറി വികസിപ്പിക്കും. പൊതുമേഖലയില്‍ വരുന്നില്ലെങ്കില്‍ കോച്ച്ഫാക്ടറിതന്നെ വേണ്ട എന്നനിലപാട് ശരിയല്ല. ആഗോള ടെന്‍ഡറില്‍ സ്വകാര്യകമ്പനികള്‍ക്കൊപ്പം പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. കേരളത്തിന് റെയില്‍വേസോണ്‍ അനുവദിക്കണമെന്ന് ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. കൊച്ചി മെട്രോ, അതിവേഗ റെയില്‍ കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മോണോറെയില്‍, മെമുവണ്ടികള്‍, പാതയിരട്ടിപ്പിക്കല്‍ എന്നിവ യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ,മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരും സംസാരിച്ചു.