UDF

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഐ.ടി.യില്‍ കേരളത്തിന് തിരിച്ചടിയായത് സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം

ഐ.ടി.യില്‍ കേരളത്തിന് തിരിച്ചടിയായത് സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം

- ഉമ്മന്‍ ചാണ്ടി

 

 

കോട്ടയം: കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിന് നേതൃത്വംനല്‍കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഐ.ടി. വിദ്യാഭ്യാസരംഗത്ത് കേരളത്തെ പിന്നോട്ടടിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഫെയ്‌സ്ബുക്ക് യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധതയുടെ ആദ്യ ഇര താനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1991 ല്‍ താന്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് സി.പി.എമ്മുകാര്‍ കമ്പ്യൂട്ടറുകള്‍ അടിച്ച് തകര്‍ത്തത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ കേരളം ഐ.ടി. രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഈ നേട്ടം നിലനിര്‍ത്താനായില്ല. സോഷ്യല്‍ മീഡിയയുടെ ഗുണഫലം ഉപയോഗപ്പെടുത്താം. എന്നാല്‍, ഒരിക്കലും അതിന്റെ ദോഷവശങ്ങളിലേക്ക് പ്രവര്‍ത്തകര്‍ കടന്നു ചെല്ലരുതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി അധ്യക്ഷതവഹിച്ചു. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ ക്കുറിച്ച് കണ്‍െവന്‍ഷന്‍ ചര്‍ച്ച ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹന്നാന്‍ എം.എല്‍.എ, ലതിക സുഭാഷ്, എന്‍.എസ്.യു. ദേശീയ പ്രസിഡന്റ് റോജി ജോണ്‍, അനന്തു സുരേഷ്, മുഹമ്മദ് ഇക്ബാല്‍, അഡ്വ.ഫാത്തിമ റോസ്‌ന, സര്‍ജിത്ത് കൂട്ടംപറമ്പത്ത് എന്നിവര്‍ സംസാരിച്ചു. കോട്ടയം ശാന്തിഭവനിലെ അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കി. ഓണപ്പുടവ വിതരണം ചെയ്തു.