UDF

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്നവര്‍ കാരണം വ്യക്തമാക്കണം

ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്നവര്‍ കാരണം വ്യക്തമാക്കണം - മുഖ്യമന്ത്രി

 

വിധി കേരളസര്‍ക്കാര്‍ നിലപാടിന് അംഗീകാരം

തൊടുപുഴ: ഉമ്മന്‍ വി. ഉമ്മന്‍ സമിതിയെ നിയോഗിച്ച് പരിസ്ഥിതിലോലപ്രദേശങ്ങളെ പുനര്‍നിര്‍ണയിച്ച കേരളസര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കുന്നതാണ് ഹരിതട്രൈബ്യൂണലിന്റെ വിധിയെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ പുനര്‍നിര്‍ണയറിപ്പോര്‍ട്ട് അംഗീകരിച്ച് അന്തിമവിജ്ഞാപനമിറക്കണമെന്ന് ആവശ്യപ്പെട്ട ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്ന ജനപ്രതിനിധിയും സംഘടനകളും കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഇ.എസ്.ഐ. പുനര്‍നിര്‍ണയം ഉള്‍പ്പെടുത്തി അന്തിമവിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാറിനെ ഉടന്‍ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഇടുക്കി ജില്ലാ പ്രത്യേകകണ്‍വെന്‍ഷന്‍ ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയില്‍ ഏതാനും മാസങ്ങള്‍ക്കകം പട്ടയവിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ആദ്യംതന്നെ തള്ളിക്കളഞ്ഞ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ വിധിയില്‍ പരാമര്‍ശിച്ചിട്ടേയില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഇ.എസ്.ഐ. പുനര്‍നിര്‍ണയിച്ചുകൊണ്ട് കേരളം നല്‍കിയ ഉമ്മന്‍ വി. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിനെ ആരും ചോദ്യംചെയ്തിട്ടില്ല. കേരളത്തിനു മാത്രമായി പ്രത്യേക വിജ്ഞാപനമിറക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതോടെ സംസ്ഥാനസര്‍ക്കാരിന്റെ സുതാര്യനിലപാടുകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്. മറ്റൊരു സംസ്ഥാനവും ഇ.എസ്.ഐ. വിഷയത്തില്‍ കേരളത്തോളം മുന്നേറ്റം കൈവരിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ നടപടികളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തവര്‍ അവരുടെ നിലപാടുകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം-മുഖ്യമന്ത്രി പറഞ്ഞു.