താരപ്രഭയെക്കാള്‍ വലുത് മമ്മൂട്ടിയിലെ മനുഷ്യത്വം-മുഖ്യമന്ത്രി

കൊച്ചി: താരപ്രഭയെക്കാള്‍ വലുതാണ് മമ്മൂട്ടിയിലെ മനുഷ്യത്വമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആരാധനയുടെ എത്രയോ ഇരട്ടിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ദൗത്യങ്ങളിലൂടെ മമ്മൂട്ടി അവര്‍ക്ക് തിരിച്ചുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. ടോണി ഫെര്‍ണാണ്ടസിന്റെ പാലാരിവട്ടത്തെ ആശുപത്രിയുമായും അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തക ഡോ. സുശീല ജോര്‍ജിന്റെ യോശുവ ചാരിറ്റബിള്‍ ട്രസ്റ്റുമായും സഹകരിച്ച് പാവപ്പെട്ടവരിലെ നേത്രരോഗ ചികിത്സയ്ക്കായി മമ്മൂട്ടി നടപ്പാക്കുന്ന 'കാഴ്ച 2020' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മമ്മൂട്ടിയെ നയിക്കുന്നത് സ്വാര്‍ഥതയും സങ്കുചിത ചിന്താഗതിയുമല്ല. സമൂഹ നന്മയ്ക്കുവേണ്ടിയുള്ള ആത്മാര്‍ഥമായ പരിശ്രമമാണ് അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദിവാസി ഊരുകളിലെ നേത്ര പരിശോധനയ്ക്കുള്ള കാഴ്ചസംഘത്തിന്റെ ഫ്‌ലാഗ് ഓഫ് മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് അദ്ദേഹം നിര്‍വഹിച്ചു.
'കാഴ്ച 2020' മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി കെ. ബാബു, അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പിന്റെയും മുരളീയ ഫൗണ്ടേഷന്റെയും ചെയര്‍മാനായ കെ. മുരളീധരന് നല്‍കി പുറത്തിറക്കി. സാമൂഹിക പ്രതിബദ്ധതയില്‍ മറ്റാരെക്കാളും മുമ്പിലാണ് മമ്മൂട്ടിയെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ''സിനിമയില്‍ മാത്രമേ മമ്മൂട്ടി അഭിനയിക്കാറുള്ളൂ. ജീവിതത്തില്‍ അദ്ദേഹത്തിന് നാട്യങ്ങളില്ല''-മന്ത്രി പറഞ്ഞു.
''ഞാന്‍ ഒരു ഭിത്തിയാണ്. സമൂഹത്തിന് പ്രയോജനപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പോസ്റ്റര്‍ പോലെ എന്റെ മേല്‍ ഒട്ടിക്കാം. ഒരു മടിയുമില്ലാതെ ഞാന്‍ നിന്നുതരാം'' - മമ്മൂട്ടി പറഞ്ഞു.
നേത്രചികിത്സാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഡോ. ടോണി ഫെര്‍ണാണ്ടസിന് ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് നല്‍കുന്ന ഓണററി എഫ്.ആര്‍.സി.എസ്. മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. സുശീല ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. എക്‌സൈസ് വകുപ്പും സര്‍ക്കാരും ചേര്‍ന്ന് മമ്മൂട്ടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഡിക്ടഡ് ടു ലൈഫ് പദ്ധതി വിജയമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഈസി സോഫ്റ്റ് ടെക്‌നോളജീസ് സി.ഇ.ഒ. അബ്ദുള്‍ മനാഫിനെ ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ.മാരായ ജോസഫ് വാഴയ്ക്കന്‍, ഹൈബി ഈഡന്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ അക്കാദമി ഡയറക്ടര്‍ ഡോ. കെ. ജഗദീശന്‍, നിര്‍മാതാവ് എസ്. ജോര്‍ജ്, ഡോ. ഫ്രെഡി ടി. സൈമണ്‍, ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ സി.ഇ.ഒ. നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടര്‍ നോബി ഫിലിപ്പ് സ്വാഗതവും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്‍റ് റോബര്‍ട്ട് കുര്യാക്കോസ് നന്ദിയും പറഞ്ഞു.
എല്ലാ ആന്‍ഡ്രോയ്ഡ് ഫോണിലും ലഭ്യമാകുന്ന കാഴ്ച ആപ് വഴി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. (ഫോണ്‍: 0484 2346445, 2364446). മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്റെ അന്വേഷണത്തില്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ മുന്‍ഗണനാ ക്രമത്തില്‍ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലേക്ക് പ്രവേശനം ലഭിക്കും. 25 ലക്ഷം സ്‌കാനിങ്ങും അര ലക്ഷം ശസ്ത്രക്രിയയുമാണ് കാഴ്ച 2020 പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.