കരിമ്പന്‍ ജോസിനെ എല്ലാവരും മറന്നു; മുഖ്യമന്ത്രി മറന്നില്ല

കഞ്ഞിക്കുഴി: ഉമ്മന്‍ചാണ്ടി കോളനിയില്‍ എത്തിയ കരിമ്പന്‍ ജോസിനെ പുതുതലമുറ തിരിച്ചറിഞ്ഞില്ല. കോളനി സ്ഥാപിക്കാന്‍ കാരണക്കാരനായ ജോസ്, മുഖ്യമന്ത്രി കോളനിയില്‍ എത്തുന്നതറിഞ്ഞ് വന്നതായിരുന്നു. മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്വീകരണം നല്‍കി ആദിവാസികളും നാട്ടുകാരും കൂട്ടത്തോടെ വേദിയിലേക്ക് പോയി.
ഇതിനിടയില്‍പ്പെട്ട കരിമ്പന്‍ ജോസിനെ ആരും പരിഗണിച്ചില്ല. വേദിക്കരികിലെ റോഡില്‍ ഒറ്റപ്പെട്ട കരിമ്പന്‍ ജോസ് മുഖ്യമന്ത്രിയുടെ കാറിന് സമീപം ദുഃഖിതനായി നിന്നു. കരിമ്പന്‍ ജോസ് വന്നിരുന്നുവെന്ന് ആരോ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് എ.പി.ഉസ്മാന്‍ എത്തി ജോസിനെ ക്ഷണിച്ചെങ്കിലും വേദിയിലേക്ക് പോകാന്‍ അദ്ദേഹം തയ്യാറായില്ല.
മുഖ്യമന്ത്രി വിളിക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ് ജോസ് വേദിയിലേക്ക് ചെന്നത്. ജോസിനെ കണ്ടതും മുഖ്യമന്ത്രി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് കരങ്ങള്‍ പിടിച്ച് സ്വീകരിച്ച് അരികില്‍ ഇരുത്തി.
1969ല്‍ ആദിവാസികള്‍ക്കുവേണ്ടി ഭൂമി നല്‍കണമെന്ന കരിമ്പന്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരഫലമായിട്ടാണ് 39 ആദിവാസികള്‍ക്ക് ഉമ്മന്‍ചാണ്ടി കോളനിയില്‍ സ്ഥലം ലഭിച്ചത്. ആദിവാസികളുടെ ഭൂമിക്ക് പട്ടയം നല്‍കാന്‍ പാടില്ലെന്ന് അന്ന് ഉണ്ടായിരുന്ന നിയമം മറികടന്ന് ഇവരുടെ ഭൂമി റവന്യൂ വകുപ്പിന് കൈമാറി പട്ടയം അനുവദിച്ചു നല്‍കി.
അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരപോരാട്ടങ്ങളുടെ ഫലമായിട്ടാണ് ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചത്. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ കാണി പഞ്ചന്‍ നാഗമണി, പാണ്ടിച്ചി ഗോപാലന്‍ (രക്ഷാധികാരി), ആര്‍.രാമനാഥന്‍ (പ്രസിഡന്റ്), കരിമ്പന്‍ ജോസ് തുടങ്ങിയവര്‍ ഭാരവാഹികളായി സംസ്ഥാന ഗിരിവര്‍ഗ സമിതി രൂപവത്കരിച്ചു. സമിതിയുടെ പോരാട്ടങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തിലുള്ള രാഷ്ട്രീയതലത്തിലും നേരിട്ട തടസ്സങ്ങള്‍ നീക്കി സഹായിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. അങ്ങനെയാണ് ആദിവാസി കോളനിക്ക് ഉമ്മന്‍ചാണ്ടി കോളനിയെന്ന് പേര് നല്‍കാന്‍ കരിമ്പന്‍ ജോസിന്റെ നേതൃത്വം തയ്യാറായത്.
തന്റെ പേര് കോളനിക്ക് നല്‍കിയതിന് മാത്രമാണ് ഞാന്‍ ജോസിനോട് എതിര്‍പ്പ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കോളനി കരിമ്പന്‍ ജോസ് ഇല്ലായിരുന്നങ്കില്‍ ഉണ്ടാകില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലമേറെ കഴിഞ്ഞപ്പോള്‍ ജോസ് സുവിശേഷകനായി. ഇവിടെ നിന്ന് അടിമാലിയിലേക്ക് താമസം മാറുകയും ചെയ്തു.