റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തും-മുഖ്യമന്ത്രി

ചെങ്ങന്നൂര്‍:സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കെ.എസ്.ടി.പി. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറ്റകുറ്റപ്പണിക്ക് ആവശ്യമായ ടാറും മറ്റ് സാമഗ്രികളും സര്‍ക്കാര്‍ കണ്ടെത്തി നല്‍കും. ടാറിന്റെ ക്ഷാമം, കരാറുകാരുടെ സമരം, പാറമട പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലം റോഡുകളുടെ സ്ഥിതി ഇപ്പോള്‍ മോശമാണ്. സമയബന്ധിതമായി ഈ ശോച്യാവസ്ഥ പരിഹരിക്കും.
വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അതിനനുസരിച്ച് റോഡുകള്‍ ഉണ്ടാകുന്നില്ല. തുകയില്ലെന്നുപറഞ്ഞ് സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങളില്‍നിന്ന് ഒഴിയില്ല. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ബി.ഒ.ടി. വ്യവസ്ഥയിലും പണം കണ്ടെത്തി റോഡുകളുടെ വികസനം നടപ്പാക്കും. അമ്പതുവര്‍ഷംമുമ്പ് ചെയ്ത തെറ്റ് തിരുത്തുകയാണ് എം.സി. റോഡ് വികസനത്തിലൂടെ ഇപ്പോള്‍ ചെയ്യുന്നത്.
തീരദേശത്തുകൂടി ആദ്യം ദേശീയപാത അനുവദിച്ചു. അതിന് ഫണ്ട് ഇല്ലായിരുന്നു. രണ്ടാമത് ഫണ്ടോടുകൂടി ദേശീയപാത അനുവദിച്ചെങ്കിലും രണ്ടുംകൂടി തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ ഒറ്റ റോഡായി. രണ്ടാമത്തെ ദേശീയപാത എം.സി. റോഡുവഴി ആയിരുന്നെങ്കില്‍ അരനൂറ്റാണ്ടുമുമ്പേ ഇവിടത്തെ ദുരവസ്ഥ പരിഹരിക്കപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, മാത്യു ടി.തോമസ്, സി.എഫ്. തോമസ്, മുന്‍ എം.എല്‍.എ. ശോഭന ജോര്‍ജ്, നഗരസഭാധ്യക്ഷ വത്സമ്മ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.