UDF

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

മുഖ്യമന്ത്രി കോളനി

മുഖ്യമന്ത്രി കോളനി

സ്വന്തം പേരില്‍ കോളനിയുള്ള രണ്ടു മുഖ്യമന്ത്രിമാരാണ് കേരള ചരിത്രത്തിലുള്ളത്. പട്ടം താണുപിള്ളയും ഉമ്മന്‍ ചാണ്ടിയും. രണ്ടു കോളനികളും ഇടുക്കി ജില്ലയിലാണ്. 

നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പട്ടംകോളനി 1955ല്‍ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള സ്ഥാപിച്ചതാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 1976ല്‍ ആദിവാസികളെ പാര്‍പ്പിച്ച മഴുവടി കോളനിയാണ് ഉമ്മന്‍ ചാണ്ടി കോളനിയെന്നറിയപ്പെടുന്നത്.

ഭാഷയുടെ പേരില്‍ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കപ്പെടുന്നത് തടയാന്‍ പട്ടം താണുപിള്ളയുടെ ആശയമായിരുന്നു കോളനി രൂപീകരണം. കര്‍ഷകര്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും 2000 രൂപയും വാഗ്ദാനം ചെയ്തു പത്രത്തില്‍ പരസ്യം കൊടുത്തു. 1350 കുടുംബങ്ങളെയാണ് ഘട്ടംഘട്ടമായി ഇവിടെ കുടിയിരുത്തിയത്. കാടു വെട്ടിത്തെളിച്ചു ജീവിതമുറപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കു കടുത്ത ദുരിതങ്ങളാണു നേരിടേണ്ടിവന്നതെന്നു പഴയ ആളുകള്‍ ഇപ്പോഴുമോര്‍ക്കുന്നു. പ്രതികൂല കാലാവസ്ഥ, വന്യമൃഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, വിദ്യാഭ്യാസത്തിനോ ചികില്‍സയ്‌ക്കോ സൗകര്യങ്ങളില്ല. കപ്പയും നെല്ലുമായിരുന്നു ആദ്യ കൃഷികള്‍. പട്ടിണിമൂലം കുപ്പച്ചീരയും ചേമ്പും കഴിച്ചു കഴിഞ്ഞുകൂടിയ നാളുകളും ഇവരുടെ ഓര്‍മയിലുണ്ട്. 2000 രൂപയെന്ന ആദ്യ വാഗ്ദാനം ഇതിനിടെ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. രണ്ടും അഞ്ചും പത്തും രൂപ വീതം പല തവണയായാണ് പണം നല്‍കിയത്. 

ദുരിതങ്ങള്‍കൊണ്ടു പൊറുതിമുട്ടി 1957ല്‍ കര്‍ഷകര്‍ പട്ടിണിജാഥ സംഘടിപ്പിച്ചു. തിരുവനന്തപുരത്തേക്ക് 25 പേരടങ്ങുന്ന സംഘം നടത്തിയ ജാഥയുടെ ഫലമായി പല ആനുകൂല്യങ്ങളും നേടിയെടുത്തു.യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി 1976 ല്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് മഴുവടിയിലെ കോളനി. അന്ന് 39 വീടുകള്‍ മാത്രമായിരുന്നു. ഇപ്പോഴത് 85 ആയി. ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായി സ്ഥാപിച്ച കോളനിക്ക് ആദിവാസികള്‍ അദ്ദേഹത്തിന്റെ പേരു നല്‍കുകയായിരുന്നു. മന്നാന്‍ കുടുംബങ്ങളെയാണു പട്ടയത്തോടെ ഇവിടെ അധിവസിപ്പിച്ചത്. സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി.