UDF

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവം

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവം 

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവമായിരുന്നു. അവരുടെ കോളനിയുടെ തലവന്‍ വരുന്ന ദിനം. കൂത്തും വാദ്യമേളങ്ങളുമൊക്കെയായി അവര്‍ തങ്ങളുടെ കോളനിയുടെ ഉടമസ്‌ഥനെ സ്വീകരിച്ചു. ആടിപ്പാടി സന്തോഷിപ്പിച്ചു, സ്‌നേഹം കൊണ്ട്‌ പൊതിഞ്ഞു. ഒടുവില്‍ പരാതികളും പരിഭവങ്ങളും പറഞ്ഞു. എല്ലാം കേട്ട്‌ പരിഹാരങ്ങള്‍ വിധിച്ച്‌ തലവന്‍ വീണ്ടും അവരുടെ മനസില്‍ ദൈവതുല്യനായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം സ്വന്തം പേരിലുള്ള കോളനിയില്‍ എത്തിയത്‌. 1976-ലാണ്‌ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കോളനി സ്‌ഥാപിച്ചത്‌. ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തായിരുന്ന കരിമ്പന്‍ ജോസാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌. തുടര്‍ന്ന്‌ ഒരു തവണ മുഖ്യമന്ത്രി കോളനിയില്‍ എത്തുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയും ചെയ്‌തു. കഴിഞ്ഞ തവണ ഇടുക്കിയില്‍ ജനസമ്പര്‍ക്ക പരിപാടിക്ക്‌ എത്തിയപ്പോള്‍ കോളനിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്‌ ചൂണ്ടിക്കാട്ടി കോളനി നിവാസികള്‍ പരാതി നല്‍കി. തുടര്‍ന്ന്‌ ഉമ്മന്‍ചാണ്ടി നേരിട്ട്‌ ആദിവാസികോളനിയില്‍ എത്തുകയായിരുന്നു.


ഏലയ്‌ക്കാ മാലയിട്ട്‌ കോളനിക്കാര്‍ മുഴുവന്‍ ഇറങ്ങിവന്നാണ്‌ മുഖ്യമന്ത്രിയെ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ പരാതികള്‍ നേരിട്ടുകേട്ടു. റോഡ്‌ തകര്‍ന്നതും കുടിവെള്ളവും വീടുമില്ലാത്തതും ഉള്‍പ്പെടെ 22 ആവശ്യങ്ങള്‍ ഊരുമൂപ്പന്‍ സുകുമാരന്‍ മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്‌ പ്രസംഗിച്ച മുഖ്യമന്ത്രി 22 ആവശ്യങ്ങളിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കി. കോളനിയുടെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്‌തു. പ്രഖ്യാപനങ്ങളെല്ലാം കൈയടിയോടെയാണ്‌ കോളനി നിവാസികള്‍ സ്വീകരിച്ചത്‌. കോളനിയുടെ രൂപീകരണത്തിനു ചുക്കാന്‍പിടിച്ച കരിമ്പന്‍ ജോസിനെ മുഖ്യമന്ത്രി ആദരിച്ചു.