UDF

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ: തിങ്കളാഴ്ച പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി

നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ: തിങ്കളാഴ്ച പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥയെക്കുറിച്ച് പഠിക്കാനും പരിഹാരനടപടികളെക്കുറിച്ച് ആലോചിക്കാനുമായി ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഡി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ധൈര്യപൂര്‍വം തീരുമാനങ്ങളെടുക്കാന്‍ മടിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പാരിസ്ഥിതികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ഇത് കൂടുതല്‍. ആദിവാസിമേഖലയായ അട്ടപ്പാടിയില്‍ രണ്ട് മാസത്തിനുള്ളില്‍ പൊതുജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് സന്ദര്‍ശിച്ച ആദിവാസിസംഘടനാപ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു. 
പാര്‍ട്ടിയും ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ജില്ലാ നിര്‍വാഹകസമിതി യോഗം സഹായകമാവുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അടിത്തട്ടില്‍ പാര്‍ട്ടി ജനങ്ങളുമായി അകലുന്നതാണ് തിരഞ്ഞെടുപ്പുകളിലെ മങ്ങിയ പ്രകടനങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റ് ജില്ലകളിലും ഇത്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഇതില്‍ പങ്കെടുക്കാനാവുംവിധമാണ് തീയതി നിശ്ചയിക്കുക. ഭരണപരമായ വീഴ്ചകളും പരാതികളും മാത്രമാവും ഇത്തരം യോഗങ്ങളില്‍ ചര്‍ച്ചചെയ്യുക. പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.