UDF

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം-മുഖ്യമന്ത്രി

 

കൊച്ചി: ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജിവെക്കില്ല. പാമോയില്‍ കേസും സോളാറും വന്നപ്പോള്‍ രാജി ആവശ്യമുയര്‍ന്നിരുന്നു. പാമോയില്‍ കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ ആരോപണങ്ങള്‍ വരുമ്പോഴും രാജിവെക്കാനിരുന്നാല്‍ താന്‍ മണ്ടനാവില്ലേ എന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. കാരണം രമേശിന് ഇതില്‍ പങ്കില്ല. അന്ന് മന്ത്രിയോ എം.എല്‍.എ.യോ അല്ലായിരുന്നു രമേശ്. പദ്ധതിക്കായി താന്‍ ഇടപെട്ടിട്ടുണ്ട്. അത് സമ്മതിക്കുന്നു - ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. 2006-ലാണ് ആദ്യ കേസുണ്ടായത്. അന്ന് താനടക്കമുള്ള ആരുടേയും പേരുണ്ടായിരുന്നില്ല. 2011- ലാണ് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം അഞ്ചുവര്‍ഷം ഇടതുസര്‍ക്കാര്‍ ഭരിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഇനിയും സംശയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ-മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. 

ത്യാഗരാജന്റെ നിര്‍ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതുമൂലം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത് ഒഴിവായി. എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. 

ഇടതുസര്‍ക്കാരാണ് ടൈറ്റാനിയത്തിലെ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത്. അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അത് കോടതിയുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.