UDF

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഉമ്മന്‍ചാണ്ടി

ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ഉമ്മന്‍ചാണ്ടി
കൊച്ചി: കെ.പി.സി.സി. പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ.ഐ.സി.സി. അധ്യക്ഷ സോണിയാഗാന്ധിയുടെ സാന്നിധ്യത്തില്‍ വിശദീകരണം നല്‍കി.താനിപ്പോള്‍ എവിടെയെങ്കിലും ചെന്നാലല്ല, ചെല്ലാതിരുന്നാലാണ് വലിയ വാര്‍ത്തയാകുന്നതെന്നു പറഞ്ഞാണ് മുഖ്യമന്ത്രി വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞു തുടങ്ങിയത്.

സുധീരന്‍ കെ.പി.സി.സി. പ്രസിഡണ്ടായി ചുമതലയേറ്റപ്പോള്‍ താന്‍ ചെന്നില്ലെന്നായിരുന്നു കുറ്റം.എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില പരിപാടികള്‍ ഉള്ളതിനാല്‍ ആ സമയത്ത് എത്തില്ലെന്ന് സുധീരനോട് നേരത്തെതന്നെ പറഞ്ഞിരുന്നു. പിന്നീട് ചുമതലയേറ്റശേഷം സുധീരനെ കാണാന്‍ പോയി. പക്ഷേ, അതാരും വാര്‍ത്തയാക്കിയില്ല.സോണിയാ ഗാന്ധി കൊച്ചിയില്‍ വന്ന് ഉടനെ ലക്ഷദ്വീപിലേക്ക് പോകുമെന്നാണ് അറിഞ്ഞത്. സോണിയാ ഗാന്ധിയുടെ ഓഫീസില്‍ വിളിച്ച് താന്‍ വരേണ്ട കാര്യമില്ലെന്ന് ഉറാപ്പാക്കിയശേഷമാണ് മറ്റു പരിപാടികള്‍ക്ക് പോയത്. വ്യക്തമായ അറിയിപ്പോടെയാണ് മാറിനിന്നത്.എന്നാല്‍ അതൊന്നും വാര്‍ത്തയായില്ല-ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡണ്ടായിരുന്ന ഒമ്പതു വര്‍ഷം.കോണ്‍ഗ്രസ്സിനെ വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.പാര്‍ട്ടിക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത മേഖലകളിലേക്കും എത്താന്‍ ഈ കാലയളവില്‍ കഴിഞ്ഞു.ഇനി സുധീരന്റെ കീഴില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും-ഉമ്മന്‍ചാണ്ടി പറഞ്ഞു.