UDF

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

കാര്‍ഷികമേഖലയിലൂടെ മാത്രമേ കേരളത്തിന് രക്ഷയുള്ളൂ - മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ ഉണര്‍വോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ കേരളത്തെ സാമ്പത്തികശക്തിയാക്കി മാറ്റുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ഇതിനായി കേരളീയര്‍ സ്വയംപര്യാപ്തത മുദ്രാവാക്യമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആഹ്വാനം ചെയ്തു.

സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികമേഖലയില്‍ റബ്ബര്‍ കൃഷിയൊഴികെയുള്ളവയില്‍ സംസ്ഥാനത്തിന് അഭിമാനിക്കാനായൊരു നേട്ടവുമില്ല. മറ്റൊരു കൃഷിമേഖലയിലും സംസ്ഥാനത്തിന് അവകാശവാദമുയര്‍ത്താനാകാത്ത അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വന്തമെന്നഭിമാനിച്ചിരുന്ന നാളികേരം, നെല്ല് എന്നിവയുടെ കാര്യത്തില്‍പോലും വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ കാര്യത്തിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം കേരളം ആരംഭിക്കേണ്ടിയിരിക്കുന്നു. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന് ഏവരും തയ്യാറകണം. കാര്‍ഷികമേഖലയില്‍ അധ്വാനിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെയും ജനം അറിയണം. അതിനുള്ള അവസരം മാധ്യമങ്ങള്‍ സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കുമുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ അത്തരക്കാരിലെത്തുന്നില്ലെന്നതാണ് പ്രശ്‌നമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു.

കാര്‍ഷികമേഖല സംബന്ധിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ മന്ത്രി കെ.പി.മോഹനന്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവര്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ., കൃഷിവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.എം.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.