UDF

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

അന്യസംസ്‌ഥാന ലോട്ടറി: കര്‍ശന നടപടി തുടരുമെന്നു മുഖ്യമന്ത്രി

അന്യസംസ്‌ഥാന ലോട്ടറി: കര്‍ശന നടപടി തുടരുമെന്നു മുഖ്യമന്ത്രി

അന്യസംസ്‌ഥാന ലോട്ടറികളുടെ നിരോധനം മൂലം കേരളത്തിനും സംസ്‌ഥാന ഭാഗ്യക്കുറിക്കും നേട്ടമുണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടുത്തകാലം വരെ അന്യസംസ്‌ഥാന ലോട്ടറി കേരളത്തിന്റെ വിപത്തായിരുന്നു. ആയിരക്കണക്കിനു കോടിയിലേറെ രൂപയാണ്‌ അന്യസംസ്‌ഥാന ലോട്ടറിക്കാര്‍ സംസ്‌ഥാനത്തുനിന്നു കൊള്ളയടിച്ചത്‌. സംസ്‌ഥാനത്തെ ജനങ്ങളെ ഇനിയും കബളിപ്പിക്കാനും കൊള്ളയടിക്കാനും അനുവദിക്കില്ലെന്ന കടുത്ത നിലപാടോടെയാണു സര്‍ക്കാര്‍ അന്യസംസ്‌ഥാന ലോട്ടറിക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ വിതരണത്തിന്റെ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്യസംസ്‌ഥാന ലോട്ടറികള്‍ക്കെതിരേ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കും. അന്യസംസ്‌ഥാന ലോട്ടറി വില്‍പ്പന നടത്തുന്നവരേ അറസ്‌റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതിന്റെ ഫലമായി സംസ്‌ഥാനത്ത്‌ കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പനലാഭമായ 550 കോടി രൂപ ഇന്ന്‌ ഇരട്ടിയായി. ലോട്ടറിയില്‍നിന്നുള്ള വരുമാനം ഈ വര്‍ഷം 1250 കോടി രൂപയിലേറെ ആകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്തു ലോട്ടറിയെന്നതു സര്‍ക്കാരിന്റെ സാമ്പത്തികലാഭം എന്നതിലുപരി സാമൂഹികാവശ്യമാണ്‌. കാരുണ്യ ലോട്ടറി വഴി ലഭിക്കുന്ന വരുമാനം പാവങ്ങളുടെ ചികിത്സയ്‌ക്കു പ്രയോജനം ചെയ്യും. പദ്ധതി ശക്‌തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള എല്ലാ പിന്തുണയും സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. സംസ്‌ഥാന സര്‍ക്കാരിന്റെ വികസനവും കരുതലുമെന്ന മുദ്രാവാക്യം ധനവകുപ്പ്‌ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.