UDF

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

അതിവേഗ റെയില്‍പാത: പദ്ധതി റിപ്പോര്‍ട്ട് സപ്തംബറിനകം

തിരുവനന്തപുരം: അതിവേഗ റെയില്‍ പാതക്കുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സപ്തംബര്‍ 30 നകം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍വകക്ഷിയോഗത്തെ അറിയിച്ചു. 2013 ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതി തയ്യാറാക്കുന്നത്. ജപ്പാന്‍ സഹായത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്ന ബാംഗ്ലൂര്‍ - ചെന്നൈ - കോയമ്പത്തൂര്‍ അതിവേഗ പാത തിരുവനന്തപുരം വരെ നീട്ടുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ പാത തൃശ്ശൂര്‍ വരെ നീട്ടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂര്‍ പാതയിലേക്ക് പ്രവേശിക്കാനാകും.

തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ 560 കിലോമീറ്റര്‍ നീളത്തിലാണ് അതിവേഗ റെയില്‍ പാത നിര്‍മിക്കുന്നത്. തിരുവനന്തപുരം - കാസര്‍കോട് പാതയ്ക്ക് 118050 കോടിയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം-കൊച്ചി വരെ മാത്രം 43254 കോടി ചെലവ് പ്രതീക്ഷിക്കുന്നു. ചെലവിന്റെ 80 ശതമാനം ജപ്പാന്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല്പത് വര്‍ഷത്തേക്ക് ലഭിക്കുന്ന തുകയ്ക്ക് ആദ്യ പത്തുവര്‍ഷം മോറട്ടോറിയം ലഭിക്കും. മിച്ചം തുക പ്രവര്‍ത്തനലാഭത്തില്‍നിന്ന് അടച്ചുതീര്‍ക്കാനാകുമെന്ന് പദ്ധതി വിശദീകരിച്ച് അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ പറഞ്ഞു.

കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷം കൊണ്ട് കൊച്ചിവരെയുള്ള പാത പൂര്‍ത്തിയാക്കാം. കോഴിക്കോട് വരെ പൂര്‍ത്തിയാക്കാന്‍ ആറുവര്‍ഷവും മംഗലാപുരം വരെ ഏഴുവര്‍ഷവും മതിയാകും. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടുനിന്നും ഒരേ സമയം നിര്‍മാണം ആരംഭിക്കാനാകും. നൂറുവര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടാണ് പദ്ധതിക്ക് തുടക്കമിടുക. ഗ്രാമപ്രദേശങ്ങളില്‍ ഉയരത്തില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലത്തിലൂടെയും നഗരങ്ങളില്‍ തുരങ്കങ്ങള്‍ നിര്‍മിച്ചും പാത നിര്‍മിക്കാനാകുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ആദ്യഘട്ട നിര്‍മാണത്തിനായി 242 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. 1806 പേരെ ഇത് ബാധിക്കും. രണ്ടാംഘട്ടമായി കൊച്ചി മുതല്‍ കാസര്‍കോട് വരെ 552 ഹെക്ടര്‍ സ്ഥലം എടുക്കേണ്ടിവരും. 4500 പേരെയാണ് ഇത് ബാധിക്കുക.

ഭൂമി ഏറ്റെടുക്കുന്നതിന് വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ദേശീയ പാതക്ക് സ്ഥലം ഏറ്റെടുക്കുന്ന മാതൃക, നഷ്ടപരിഹാരത്തോടെ ദീര്‍ഘകാല പാട്ടം, പാത കടന്നുപോകുന്ന തൂണു നിര്‍മിക്കുന്നതിനുള്ള സ്ഥലം മാത്രം ഏറ്റെടുക്കല്‍, പകരം ഭൂമി നല്‍കല്‍, വിലക്ക് വാങ്ങല്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍.

അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജായിരിക്കും പാത. എട്ടുകോച്ചുകളില്‍ ആറെണ്ണം മോട്ടോറൈസ്ഡ് ആയിരിക്കും. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത 3.4 മീറ്റര്‍ വീതിയിലുള്ളതായിരിക്കും കോച്ചുകള്‍. 817 യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. നിന്ന് യാത്ര അനുവദിക്കില്ല. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നീ സൗകര്യങ്ങളാണ് ട്രെയിനില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസിന് ശതാബ്ദി എക്‌സ്​പ്രസ് എക്‌സിക്യൂട്ടീവ് ക്ലാസിന്റെ ഒന്നര ഇരട്ടി ചാര്‍ജ് ഈടാക്കും. ഫസ്റ്റ് ക്ലാസിന് ഇരട്ടിയും.

മണിക്കൂറില്‍ 300 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ ശരാശരി വേഗം. പാത സജ്ജമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന്പതിനഞ്ച് മിനിറ്റുകൊണ്ട് കൊല്ലത്തും 37 മിനിറ്റ് കൊണ്ട് കോട്ടയത്തും എത്താനാകും. 53 മിനിറ്റ് മതി കൊച്ചിയിലെത്താന്‍. 72 മിനിറ്റുകൊണ്ട് തൃശൂരും 98 മിനിറ്റുകൊണ്ട് കോഴിക്കോട്ടും എത്താം. 119 മിനിറ്റ് മതി കണ്ണൂരിലെത്താന്‍. കാസര്‍കോട്ട് 142 മിനിറ്റുകൊണ്ടും മംഗലാപുരത്ത് 156 മിനിറ്റുകൊണ്ടും എത്താം.

സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, വിവിധ കക്ഷിനേതാക്കളായ സി.ദിവാകരന്‍, ആനത്തലവട്ടം ആനന്ദന്‍, വര്‍ഗീസ് ജോര്‍ജ്, ജോയി എബ്രഹാം, ജെ.ആര്‍. പദ്മകുമാര്‍, സി. ശിവന്‍കുട്ടി തുടങ്ങിയവരും പങ്കെടുത്തു.