UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

മതനിരപേക്ഷതയും വികസനവും സംരക്ഷിക്കുന്നത് കോൺഗ്രസ് മാത്രം



കോട്ടയം: കേരളത്തിന്റെ തനതു മാതൃകകളായ മതനിരപേക്ഷതയും വികസനവും ഒരുപോലെ സംരക്ഷിച്ചു മുന്നോട്ടുപോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ സാധിക്കുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജൈവകൃഷിവ്യാപിപ്പിക്കുക, ജല സ്രോതസ്സുകളെ സംരക്ഷിക്കുക, അഴിമതിരഹിത വികസനം സാധ്യമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പദയാത്ര.


വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും


കൊച്ചി: വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കെ.എം.എ. - നാസ്‌കോം ലീഡര്‍ഷിപ്പ് അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകും. 

വിഴിഞ്ഞം കേരളത്തിലല്ലായിരുന്നെങ്കില്‍ 25 വര്‍ഷം മുന്‍പ് തന്നെ നടപ്പിലാകുമായിരുന്നു. വിവാദം ഭയന്ന് ഇനി ഒരു പദ്ധതിയും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. അവസരം പ്രയോജനപ്പെടുത്താത്തതിന്റെ പേരില്‍ സുപ്രീംകോടതി പോലും കേരളത്തെ വിമര്‍ശിക്കുന്നു. വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പിന്നാലെ പോകുന്ന സമീപനം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.എ. - നാസ്‌കോം ഐ.ടി. ലീഡര്‍ഷിപ് അവാര്‍ഡ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് മുഖ്യമന്ത്രി സമ്മാനിച്ചു. 

2015 ഓഗസ്റ്റ് 16, ഞായറാഴ്‌ച

കലാമിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി


തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നല്‍കുന്നത്. കൂടാതെ ഏഴുവികസന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ലൈറ്റ് മെട്രോ, പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍, വിഷപ്പച്ചക്കറിക്കെതിരെ ശക്തമായ നടപടി, വിലക്കയറ്റം തടയാനുള്ള നടപടികള്‍ ഇവയെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ തുടങ്ങി വെച്ച വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ ജനസംഖ്യയിൽ 65% ത്തോളം വരുന്ന യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ. എ. പി. ജെ. അബ്ദുൾ കലാം ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ എക്കാലവും നമ്മെ ജ്വലിപ്പിച്ചു കൊണ്ടിരിക്കും. യുവാക്കളുടെ ആശയങ്ങൾ വ്യവസായങ്ങൾ ആക്കി മാറ്റുന്നതിന് ഡോ. എ. പി. ജെ. അബ്ദുൾ കലാം യൂത്ത് ചലഞ്ച് എന്ന പേരിൽ ഒരു പതിയ പദ്ധതി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ആരംഭിക്കുന്നതാണ്.

കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ പഠിക്കുന്ന യുവാക്കൾക്കോ അവരുടെ സംഘങ്ങൾക്കോ ഇതിൽ പങ്കു ചേരാം. ഏറ്റവും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന 10 സംഘങ്ങൾക്ക് വർഷം തോറും അഞ്ചു ലക്ഷം രൂപ വീതം സമ്മാനമായി നൽകും. ഒരു വർഷം കഴിഞ്ഞ് ഏറ്റവും മികച്ച ആശയം ഇവയിൽ നിന്ന് വ്യവസായം ആക്കി മാറ്റുന്നതിന് 50 ലക്ഷം രൂപയും നൽകുന്നതാണ്. സർവകലാശാലയിൽ നിന്ന് ഓരോ വർഷവും തുടങ്ങിയെടുക്കുന്ന പദ്ധതിയായി ഇത് മാറും. ‪

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. പോലീസ് വിശിഷ്ട സേവാമെഡലുകളും ധീരതയ്ക്കുള്ള മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.

2015 ഓഗസ്റ്റ് 15, ശനിയാഴ്‌ച

മതേതരത്വത്തിന് ഒരു പോറലേറ്റാൽ ഭാരതം ഭാരതമല്ലാതായി തീരും.


മതേതരത്വത്തിന് പോറലേറ്റാല്‍ ഭാരതം ഭാരതമല്ലാതായിത്തീരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  69-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭാരതം 69-മത് സ്വാതന്ത്ര്യ ദിനം അഭിമാനപൂർവം ആഘോഷിക്കുകയാണ്. ഈ സന്തോഷവും അഭിമാനവും എന്നും നിലനിറുത്തുക എന്നതാണ് ഓരോ ഭാരതീയരുടേയും കടമ. നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നേടി തരുവാൻ ആത്മ ത്യാഗം ചെയ്‌ത, എല്ലാം ത്യജിച്ച് പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലിയായിരിക്കും അത്.

മതേതരത്വത്തിന് ഒരു പോറലേറ്റാൽ ഭാരതം ഭാരതമല്ലാതായി തീരും. നമ്മുടെ രാജ്യത്തിനു മതേതരത്വം മനുഷ്യന് പ്രാണവായു പോലെയാണ്. മതേതരത്വവും ഭാരതത്തിന്റെ അഖണ്ഡതയും കാത്തു സൂക്ഷിക്കുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ ചെയ്യാം. ‪


എയര്‍ ആംബുലന്‍സ്: താത്പര്യപത്രം ക്ഷണിച്ചു



 അവയവദാനങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്താന്‍ എയര്‍ ആംബുലന്‍സ് വേണമെന്നത് ഒരു പൊതു താത്പര്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അതിനായി താത്പര്യപത്രം ക്ഷണിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ വാര്‍ഷികവും അവയവദാതാക്കളെ അനുസ്മരിക്കലും അവരുടെ 504 കുടുംബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എയര്‍ ആംബുലന്‍സുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് കമ്പനികളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതിനാല്‍ അവയവദാനത്തിന് തടസ്സമുണ്ടാകരുത്. ഇനി കമ്പനികളുമായും ഈ രംഗത്തുള്ള വലിയ ആശുപത്രികളുമായും സംസാരിക്കണം. ഇതിനായുള്ള സര്‍ക്കാര്‍ നടപടികളൊക്കെ വേഗത്തിലാക്കി എയര്‍ ആംബുലന്‍സ് വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കും. ജീവിച്ചിരിക്കെ തന്നെ അവയവദാനം നടത്തുന്നവര്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. എന്തൊക്കെ ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അവയവദാനത്തിന് അനുകൂലമായ വലിയൊരു മാറ്റം സമൂഹത്തിലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ഡോക്ടര്‍മാരും നൂറുശതമാനവും വിജയപ്പിക്കുന്നുണ്ട്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല-അദ്ദേഹം പറഞ്ഞു.

2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വിജിലൻസ് CI കമറുദ്ദീനു ആദരാജലികൾ ....



വിജിലൻസ് CI കമറുദ്ദീനു ആദരാജലികൾ ....   

ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കും




 മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് എത്രയുംവേഗം വാങ്ങി 10-ാം ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശമ്പളക്കമ്മീഷന്റെ മറ്റ് ശുപാര്‍ശകള്‍ ലഭിക്കുന്ന മുറയ്ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ സംസ്ഥാന ഭാരവാഹികളായ കോട്ടാത്തല മോഹനന്‍, കെ.വി.മുരളി, കെ.അജന്തന്‍നായര്‍ അടക്കമുള്ള നേതാക്കള്‍ക്ക് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാനക്കമ്മിറ്റി നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

'സമുന്നതി'യെ സമൂഹം അംഗീകരിച്ചു


 എല്ലാ സമുദായങ്ങള്‍ക്കും നീതി കിട്ടേണ്ട സാഹചര്യം ഉറപ്പാക്കിയാണ് മുന്നാക്കസമുദായക്ഷേമ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധ്യമാക്കിയതെന്നും അതിന് കേരള സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാസമുന്നതിയുടെ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും ബ്രാന്‍ഡ് അംബാസഡര്‍ ഡോ. രേണുരാജിനുള്ള പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ അര്‍ഹിക്കുന്ന ആവശ്യവും അവകാശവും പൂര്‍ണമായും ഉറപ്പാക്കിയിരുന്നു. പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യത്തിലും കുറവ് വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെ ആരും എതിര്‍ത്തില്ല. വിഭാഗീയത വളര്‍ത്താന്‍ ഇടയാക്കാതെ വളരെ ജാഗ്രതയോടെയാണ് ഇത് കൈകാര്യം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോര്‍പ്പറേഷനില്‍ മൈക്രോ ഫിനാന്‍സിന് 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വിവിധ ഗ്രൂപ്പുകള്‍ക്ക് മൂന്ന് ലക്ഷം രൂപവരെ വായ്പ നല്‍കും. സ്വന്തമായി വരുമാനമുണ്ടാക്കുന്ന അനുയോജ്യമായ പദ്ധതികളെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമുന്നതി ലോഗോ അദ്ദേഹം അനാച്ഛാദനം ചെയ്തു.


ഓണച്ചന്തകള്‍ മുടങ്ങില്ല


 ഓണച്ചന്തകള്‍ പതിവുപോലെ നടക്കുമെന്നും കണ്‍സ്യൂമര്‍ഫെഡിന് വിപണി ഇടപെടലിന് അവര്‍ ചോദിച്ച പണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 150 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയും നല്‍കിയിട്ടുണ്ട്. എന്നിട്ടും വായ്പ എടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് കഴിഞ്ഞിട്ടില്ല. അതു സര്‍ക്കാരിന്റെ വീഴ്ചയല്ല-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ തുറമുഖത്തെ 279 തൊഴിലാളികള്‍ക്കു ഓണത്തിനു കഴിഞ്ഞ വര്‍ഷത്തേതുപോലെ 5000 രൂപ ബോണസും രണ്ടാഴ്ചത്തെ സൗജന്യ റേഷനും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കി പീരുമേട് ബോണാമി, കോട്ടമല എസ്‌റ്റേറ്റുകളിലെയും തിരുവനന്തപുരം ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന്‍സിലെയും തൊഴിലാളികള്‍ക്കും രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കും. ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറിയ സൊസൊറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റീസ് റ്റു ആനിമല്‍സ്(എസ്പിസിഎ)യിലെ 12 ജീവനക്കാരുടെ ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

കാന്‍സര്‍ രോഗബാധിതനായ ഇന്നസെന്റ് എംപിക്ക് ചികിത്സയ്ക്ക് എല്ലാ സഹായവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിദേശചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍  സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കശുവണ്ടി കോര്‍പ്പറേഷന് പണം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായവകുപ്പ് സെക്രട്ടറി വഴി ആ തുക നല്‍കും. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ലെന്നും ആ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷവും സമരം തുടരുന്നത് ശരിയല്ല. ഇക്കാര്യം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യും.

സാമ്പത്തിക പ്രതിസന്ധി കാരണം ഒരു പദ്ധതിയും തടസ്സപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതിയുമായി വ്യത്യസ്ത അഭിപ്രായം ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തും. ഇതിന് വകുപ്പുമന്ത്രി കെ. ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആനവേട്ട കേസിലെ പ്രതികളെ വനം ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കര്‍ശന നടപടിയെടുക്കും. കസ്റ്റഡി മര്‍ദ്ദനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

2015 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ്; 650 കോടി നല്‍കും


ഓണത്തിന് മുന്നോടിയായി 650 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 21നു മുമ്പ് ഇവ വിതരണം ചെയ്യും. മുപ്പത് ലക്ഷം ഗുണഭോക്താക്കള്‍ക്കായി മൂന്നു ഗഡുക്കളാണ് ഒരുമിച്ച് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നതിന് ധനമന്ത്രി കെ.എം മാണി അധ്യക്ഷനായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് മറ്റു ഉപസമിതി അംഗങ്ങള്‍. 

കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ 491 ഐ.ഇ.ഡി റിസോഴ്‌സ് ടീച്ചര്‍മാരെ പുനര്‍നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മാനസികമായി സജ്ജരാക്കുന്ന മഹത്തരമായ പ്രവര്‍ത്തനമാണ് റിസോഴ്‌സ് ടീച്ചര്‍മാര്‍ നടത്തുന്നത്. വിഭിന്നശേഷിയുള്ള ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉള്ള സ്‌കൂളില്‍ ഒരു റിസോഴ്‌സ് ടീച്ചറെയെങ്കിലും നിയമിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം.

എന്നാല്‍ ടീച്ചര്‍മാരുടെ എണ്ണം 795 ആയി വെട്ടിക്കുറയ്ക്കുക മാത്രമല്ല ഫണ്ട് അതനുസരിച്ച് കുറയ്ക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇപ്രകാരം പുറത്തായ 491 പേരെയാണ് പുനര്‍നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി അഞ്ചുകോടി രൂപ അനുവദിക്കാനും തീരുമാനമായി. 

പാലക്കാട് ജില്ലാ പഞ്ചായത്തിനായി അഗളി ഗ്രാമപഞ്ചായത്തിലെ കൂടം (4.5 മെഗാവാട്ട്), കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ചെമ്പുകട്ടി (6.5 മെഗാവാട്ട്) എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ അനുവദിച്ചു. വാട്ടര്‍ അതോറിട്ടിയിലെ 316 എന്‍.എം.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഇവരെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ തീയതി നോക്കി റെഗുലര്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങുന്ന ദിവസം മുതല്‍ മാത്രമേ ഇവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതേസമയം സ്ഥിരപ്പെടുന്ന തീയതി മുതല്‍തന്നെ മറ്റുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. കാസര്‍കോട് ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ലേജിലെ 7.50 ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കും.

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിരിക്കും. തൃശൂര്‍ എസ്.ആര്‍.വി മ്യൂസിക് സ്‌കൂളിനെ എസ്.ആര്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സായി ഉയര്‍ത്തും. കൂടാതെ കോളജ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

എറണാകുളം കെ.എസ്.ആര്‍.ടി.സിയുടെ കൈവശമിരിക്കുന്ന എറണാകുളം ബസ് സ്റ്റേഷനിലെ 1.93 ഹെക്ടര്‍ സ്ഥലവും കാരിക്കാമുറിയിലെ 1.40 ഹെക്ടര്‍ സ്ഥലവും തേവര പെരുമാനൂര്‍ ബോട്ട് യാര്‍ഡിലെ 2.63 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പെടെ 14 ഏക്കര്‍ 7 സെന്റ് ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് സൗജന്യമായി നല്‍കും. സ്ഥലത്തിന് 316.54 കോടി രൂപയുടെ കമ്പോളവിലയാണ് കണക്കാക്കിയിട്ടുള്ളത്.

തിരുവനന്തപുരം നെയ്യാറിന് കുറുകെയുള്ള പാഞ്ചിക്കാട്ട് കടവ് പാലം നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 7.92 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് ടെന്‍ഡര്‍ അംഗീകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ജൂണ്‍ ഏഴിന് കരുനാഗപ്പള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും പരിക്കേറ്റ ഏഴുപേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.