UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 നവംബർ 19, തിങ്കളാഴ്‌ച

കാന്‍സര്‍ മരുന്ന് സൗജന്യമാക്കുന്നത് പരിഗണിക്കും

കാന്‍സര്‍ മരുന്ന് സൗജന്യമാക്കുന്നത് പരിഗണിക്കും 

കണ്ണൂര്‍: കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കാനുള്ള പദ്ധതി പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയില്‍ ജീവവാണി കൗണ്‍സലിങ് സെന്‍ററും ടെലിമെഡിസിന്‍ സംവിധാനവും കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. കാന്‍സറിനെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കും. വകുപ്പുകളുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കും. കാന്‍സറിനെതിരായ പോരാട്ടത്തില്‍ കൂട്ടായ പ്രവര്‍ത്തനം ഏറെ ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

100 വിദ്യാലയങ്ങളില്‍ ലഹരിക്കെതിരെ യുവശക്തി എന്ന യുവവിമുക്തി പദ്ധതി ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.

2012 നവംബർ 18, ഞായറാഴ്‌ച

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം

യു.എ.ഇയുടെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇയില്‍ രണ്ട് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവിടെ അനധികൃതമായി താമസിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുവാന്‍ സഹായങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

വിസ കാലാവധിക്ക് ശേഷം യു.എ.ഇയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് 2012ഡിസംബര്‍ നാലു മുതല്‍ 2013 ഫെബ്രുവരി മൂന്നു വരെ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുവാന്‍ യു.എ.ഇ സര്‍ക്കാര്‍ ഇളവനുവദിച്ചിരിക്കുകയാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹകരണവും നല്‍കുന്നതാണ്. യു.എ.ഇയിലെ ഇന്ത്യക്കാരില്‍ വലിയൊരു ശതമാനം മലയാളികള്‍ ആയതിനാല്‍ ഈ ആനുകൂല്യത്തിന്റെപ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് മലയാളികള്‍ക്കാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം സംസ്ഥാനത്ത് അനുവദിക്കില്ല

ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം സംസ്ഥാനത്ത് അനുവദിക്കില്ല

 



കണ്ണൂര്‍:സംസ്ഥാനത്ത് ചില്ലറവ്യാപാരമേഖലയില്‍ ഒരുകാരണവശാലും വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വ്യാപാരികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കവേണ്ട. ഇതു വെറും കൈയടിക്ക് വേണ്ടിയുള്ളതല്ല. സത്യസന്ധമായിത്തന്നെ പറയുന്നതാണ് -അദ്ദേഹം പറഞ്ഞു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പുതുതായി നിര്‍മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലക്ഷക്കണക്കിന് കച്ചവടക്കാരെ ബാധിക്കുന്നതാണ് ചില്ലറവ്യാപാരമേഖലയിലെ പ്രശ്‌നം. ചെറുകിട മേഖലയില്‍ വിദേശനിക്ഷേപം വേണമോ എന്ന് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരമാണ് കേരളം തീരുമാനമെടുക്കുക. പല സംസ്ഥാനങ്ങളും അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ട്. നിങ്ങള്‍ സമ്മതിക്കാതെ ഇക്കാര്യത്തില്‍ ഒരുതീരുമാനവും ഞങ്ങള്‍ എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാല ദുരന്തത്തില്‍ ഐ.ഒ.സി. കാണിച്ച സമീപനം വളരെ മോശമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ ഉറങ്ങുന്നവരാണ് വെന്തുമരിച്ചത്. കുറ്റക്കാര്‍ ഐ.ഒ.സി. തന്നെയാണ്. അതേസമയം, അവര്‍ പണം കൊടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ കൊടുക്കും. ചാലയില്‍ സര്‍ക്കാര്‍ വാഗ്ദാനം പൂര്‍ണമാക്കാന്‍ ഇനി എത്ര തുക വേണമെന്ന് കളക്ടറോട് ചോദിച്ചു. ഒരുകോടി വേണം എന്ന് കളക്ടര്‍ പറഞ്ഞ ഉടനെ അത് നല്‍കി. ഐ.ഒ.സി.യെ കാത്തുനിന്നില്ല. ഏതായാലും ഐ.ഒ.സി.യില്‍ നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ വാങ്ങിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരമലബാറിന്റെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍വിമാനത്താവളത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 6ന് മട്ടന്നൂരില്‍ ഓഫീസ് തുടങ്ങും-അദ്ദേഹം പറഞ്ഞു

2012 നവംബർ 13, ചൊവ്വാഴ്ച

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്-മുഖ്യമന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിനായി 10 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാടിനുള്ളില്‍ കഴിയുന്നവരെ പുറത്തെത്തിച്ച് 10 ലക്ഷം രൂപ വീതം നല്‍കി പുനരധിവാസം ഉറപ്പാക്കുന്ന 80 കോടി രൂപയുടെ കേന്ദ്രപദ്ധതിക്ക് അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പട്ടിക വിഭാഗത്തില്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതികളോ, പണമോ ഇല്ലാഞ്ഞിട്ടല്ല. അവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലുണ്ടാകുന്ന അലംഭാവമോ, അശ്രദ്ധയോ ആണ് ഗുണഫലങ്ങള്‍ എത്തേണ്ടിടത്ത് എത്താതെ പോകുന്നതിന് കാരണം. ഇത്തരം പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഒരുരൂപയുടെ അരി അവിടെ ലഭിക്കുന്നതിന് 9 രൂപയാണ് ഇപ്പോള്‍ ചെലവ് വരുന്നത്. റോഡ്, വീട്, ചികിത്സ, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം നിരവധി ബുദ്ധിമുട്ടുകള്‍ ഇടമലക്കുടി നിവാസികള്‍ നേരിടുന്നുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന വിധത്തിലുള്ള പ്രത്യേക പാക്കേജാണ് 10 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നത്. 

ഗള്‍ഫില്‍ ജയിലിലുള്ള മലയാളികള്‍ക്ക് കേസുനടത്താന്‍ സഹായം നല്‍കും- കെ.സി.ജോസഫ്

ഗള്‍ഫില്‍ ജയിലിലുള്ള മലയാളികള്‍ക്ക് കേസുനടത്താന്‍ സഹായം നല്‍കും- കെ.സി.ജോസഫ്

 

 


കണ്ണൂര്‍: ഗള്‍ഫ്‌നാടുകളിലെ ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനും കേസ് നടത്തുന്നതിനുമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

ഒട്ടേറെ മലയാളികള്‍ ഗള്‍ഫ്‌നാടുകളിലെ ജയിലില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതില്‍ കള്ളക്കേസ് ചുമത്തപ്പെട്ടവര്‍ വരെയുണ്ട്. സ്‌പോണ്‍സര്‍മാരുടെ ചതിക്കുഴികളില്‍ വീണവരും ചൂഷണം സഹിക്കവയ്യാതെ മറ്റുജോലി തേടിയതിന്റെ പേരില്‍ കള്ളക്കേസിലുള്‍പ്പെട്ടവരും നിരവധിയാണ്. ഇവരെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്- അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്‌സ് സെല്ലിന്റെ സാന്ത്വന-ചെയര്‍മാന്‍ ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കെ.സി.ജോസഫ്.

പത്ത് വര്‍ഷത്തിലധികമായി നാട്ടിലെത്താതെ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് സര്‍ക്കാര്‍ നല്‍കും. ജയില്‍മോചിതരാകുന്നവരെ നാട്ടിലെത്തിക്കാനായി വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ള സാമ്പത്തികസഹായവും സര്‍ക്കാര്‍ വഹിക്കും. പ്രതിവര്‍ഷം 50,000 കോടി രൂപ കേരളത്തിലെത്തിക്കുന്ന പ്രവാസിമലയാളികളുടെ ക്ഷേമം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവധിക്കാലത്ത് കേരളത്തിലേക്കുള്ള വിമാനയാത്ര വലിയ പ്രശ്‌നമാണ്. എയര്‍ഇന്ത്യ ഇടയ്ക്കിടെ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതാണ് പ്രധാന പ്രശ്‌നം. കെ.സി.വേണുഗോപാല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയായതോടെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരള സര്‍ക്കാര്‍ എയര്‍കേരള എക്‌സ്​പ്രസ് തുടങ്ങാനുള്ള നടപടിയിലാണ്. ഇതിനുള്ള ഡയറക്ടര്‍ ബോര്‍ഡിന് രൂപം നല്‍കിക്കഴിഞ്ഞു. കേരളത്തിലേക്ക് കപ്പല്‍ ഗതാഗതത്തിന്റെ സാധ്യതയും തേടുന്നുണ്ട് - മന്ത്രി പറഞ്ഞു.

2012 നവംബർ 7, ബുധനാഴ്‌ച

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

 



തിരുവനന്തപുരം: തൊഴിലില്ലായ്മ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പ്രത്യേക തൊഴില്‍നൈപുണി ആര്‍ജന പരിപാടി (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഗവ.വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

തൊഴിലെടുക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മനുഷ്യവിഭവത്തിന്റെ കാര്യത്തില്‍ സംസ്ഥാനം മുന്നിലാണ്. പക്ഷേ പ്രായോഗിക പരിശീലനത്തിലും സാങ്കേതികപരിജ്ഞാനത്തിലും പിന്നിലാണ്. ഇതാണ് ഇവിടത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ തൊഴില്‍ നൈപുണ്യം വാര്‍ത്തെടുക്കുക എന്നതാണ് വെല്ലുവിളി. 

300 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ഇതില്‍ 180 മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും ഐ.ടി പരിശീലനത്തിനുമാണ്. ബാക്കി 120 മണിക്കൂര്‍ കുട്ടികള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍മേഖലയില്‍ പരിശീലനം നല്‍കും. കോഴ്‌സിന് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ശേഷിയില്ലായ്മയുടെ പേരില്‍ ആര്‍ക്കും പരിശീലനത്തിനുള്ള അവസരം നിഷേധിക്കില്ല. ബി.പി.എല്‍ വിഭാഗക്കാര്‍ക്കും ഒ.ബി.സി, എസ് സി/എസ്.ടി. വിഭാഗങ്ങള്‍ക്കും ഫീസില്ല. എ.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് ആകെ ഫീസിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. ബാക്കിയുള്ള 25 ശതമാനം സ്‌കോളര്‍ഷിപ്പായി നല്‍കും. എ.പി.എല്‍ വിഭാഗത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സബ്‌സിഡി നല്‍കും. ഈ പദ്ധതി നടപ്പാക്കിയ ശേഷം പ്രായോഗികമായി എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. അജിത് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് അക്കാദമി ഓഫ് ഇന്ത്യയുടെ രാകേഷ് സിങ് എന്നിവര്‍ സംസാരിച്ചു.

ഒരുവര്‍ഷ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി


ഒരുവര്‍ഷ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി; നേട്ടം 91.71 ശതമാനം



* പ്രഖ്യാപിച്ച പദ്ധതികള്‍ 664. നടപ്പാക്കിയത് 374. നടപ്പാക്കിവരുന്നത് - 235
* അതിവേഗ റെയില്‍ ഇടനാഴി ജനത്തിന്റെ സമ്മതത്തോടെ മാത്രം
* കാര്‍ഷിക പാക്കേജുകളിലും കൊപ്രാസംഭരണത്തിലും പുരോഗതിയില്ല
* രണ്ടാംവര്‍ഷം പ്രത്യേക പരിപാടിയില്ല, ഇനി വിഷന്‍ -2030


തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏഴിനങ്ങളിലായി പ്രഖ്യാപിച്ച 664 പദ്ധതികളില്‍ 374 എണ്ണം പൂര്‍ണമായി നടപ്പാക്കി. 235 എണ്ണം നടപ്പാക്കിവരുന്നു. 91.71 ശതമാനം നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംവര്‍ഷത്തേക്ക് പ്രത്യേക പരിപാടികള്‍ പ്രഖ്യാപിക്കുന്നില്ല. വിഷന്‍- 2030, പ്രകടനപത്രിക, ബജറ്റ്, ഗവര്‍ണറുടെ നയപ്രഖ്യാപനം എന്നിവയിലെ പരിപാടികള്‍ നടപ്പാക്കാനാണ് ഇനി ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനാവകാശനിയമം, എമര്‍ജിങ് കേരള, കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍, സര്‍ക്കാര്‍ ആസ്​പത്രിയിലെ സൗജന്യ ജനറിക് മരുന്നുവിതരണം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് വികസനം, മലയാളം സര്‍വകലാശാല, മാലിന്യ സംസ്‌കരണത്തിന് സിയാല്‍ മാതൃകയിലുള്ള കമ്പനികളുടെ രൂപവത്കരണം എന്നിവയാണ് നടപ്പാക്കിയവയില്‍ പ്രമുഖം.

പ്രഖ്യാപിച്ചതില്‍ അതിവേഗ റെയില്‍പ്പാത, ഭൂരഹിതരില്ലാത്ത കേരളം എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായില്ല. അതിവേഗ റെയില്‍പ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുള്ളതിനാല്‍ നടപടികള്‍ മന്ദഗതിയിലാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുമാത്രം ഈ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് തീരുമാനം.

ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കാനുള്ള പദ്ധതിക്ക് അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില വില്ലേജുകളില്‍ ഇവര്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്.

കൊച്ചി മെട്രോയുടെ ജോലി ഏറ്റെടുക്കുന്ന പ്രശ്‌നത്തില്‍ ഡി.എം.ആര്‍.സി യുടെ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നേറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കാര്‍ഷിക പാക്കേജുകള്‍, കൊപ്രാസംഭരണം എന്നിവയുടെ പോക്കില്‍ സര്‍ക്കാരിന് ഒട്ടും സംതൃപ്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു കാരണം വകുപ്പിന്റെ വീഴ്ചയല്ല, സംവിധാനത്തിന്റെ തകരാറാണ്. കുട്ടനാട് പാക്കേജില്‍ 1841 കോടിയാണ് അനുവദിക്കുക. എന്നാല്‍ ഇതിനേക്കാള്‍ ചെലവുള്ള പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത് . ഇതൊന്നും സമയത്തിനു നടക്കാത്തതുകാരണം മൂന്നിരട്ടി പണമുണ്ടെങ്കിലും തീര്‍ക്കാനാവാത്ത സ്ഥിതിയാണ്. ഇതിനുള്ള പരിഹാരത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുകയാണ്. കേരകര്‍ഷകര്‍ നല്‍കുന്ന പച്ചത്തേങ്ങ കൊപ്രയാക്കാന്‍ സൗകര്യമില്ലാത്തതാണ് കൊപ്രാസംഭരണം പരാജയപ്പെടാന്‍ കാരണം. കൊപ്ര സംഭരിക്കാന്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടും വിചാരിച്ച ഫലമുണ്ടാവുന്നില്ല.

കഴിഞ്ഞ നവംബര്‍ 17-നാണ് സര്‍ക്കാര്‍ ഒരുവര്‍ഷ കര്‍മപരിപാടി പ്രഖ്യാപിച്ചത്. വികസനവും കരുതലും ലക്ഷ്യമാക്കിയുള്ള സപ്തധാരാപദ്ധതിയായിരുന്നു ഇത്. ഓരോ വിഭാഗത്തിന്റെയും വിലയിരുത്തല്‍ ഇങ്ങനെ :

1) സുതാര്യം-അഴിമതിരഹിതവും സുതാര്യവുമായ ഭരണം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍. പ്രഖ്യാപിച്ചത് 27. പൂര്‍ണമായി നടപ്പാക്കിയത് 17. നടപ്പാക്കിവരുന്നത് ഒമ്പത്.

2) സുന്ദരം- ലക്ഷ്യം മാലിന്യ നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും. പ്രഖ്യാപിച്ചത് 33. 12 എണ്ണം പൂര്‍ണമായി നടപ്പാക്കി. നടപ്പാക്കിവരുന്നത് 15.

3) സമൃദ്ധം-സാമ്പത്തികരംഗം അതിവേഗം വളരാനും തൊഴിലില്ലായ്മ പരിഹരിക്കാനുമുള്ള നടപടികള്‍. പ്രഖ്യാപിച്ചത്-110. നടപ്പാക്കിയത്-72. നടപ്പാക്കിവരുന്നത്-35.

4)സുദൃഢം-അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍. പ്രഖ്യാപിച്ചത്-193. നടപ്പാക്കിയത്-87. നടപ്പാക്കിവരുന്നത്-91.

5)ആരോഗ്യം-എല്ലാവര്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍. പ്രഖ്യാപിച്ചത്-36. നടപ്പാക്കിയത്-25. നടപ്പാക്കിവരുന്നത്-10

6)വിവര വിജ്ഞാനാധിഷ്ഠിതം-വിവര വിജ്ഞാനമേഖലയില്‍ കുതിപ്പിനുള്ള പദ്ധതികള്‍. പ്രഖ്യാപിച്ചത്-35. നടപ്പാക്കിയത്-26. നടപ്പാക്കിവരുന്നത്-8.

7)സംതൃപ്തം-മാനവശേഷി വികസനവും സുരക്ഷയും ക്ഷേമവും. പ്രഖ്യാപിച്ചത്-230. നടപ്പാക്കിയത്-135. നടപ്പാക്കിവരുന്നത് -70.

വിഷന്‍ 2030 നെ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം നിര്‍ദേശങ്ങള്‍ കിട്ടി. ദീര്‍ഘകാല പുരോഗതിക്കുള്ള ഈ പദ്ധതികളുടെ കരട് തയാറാക്കിയശേഷം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരുടെ അഭിപ്രായം തേടും. എമര്‍ജിങ് കേരളയിലെ പദ്ധതികളെപ്പറ്റിയുള്ള തീരുമാനങ്ങള്‍ക്ക് അതത് വകുപ്പുകളെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.


ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി; മലയാളികളുടെ കുഞ്ഞൂഞ്ഞ്

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി; മലയാളികളുടെ കുഞ്ഞൂഞ്ഞ്

തിരുവനന്തപുരം: സ്‌കൂള്‍ ജീവിതം തൊട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ അറുപത് വര്‍ഷത്തെ ജീവിതം ഡോക്യുമെന്ററിയില്‍. 'മലയാളികളുടെ കുഞ്ഞൂഞ്ഞ്' എന്ന പേരിലുള്ള ഈ ഡോക്യുമെന്ററി കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ദിലീപിന് ഡി.വി.ഡി. നല്‍കിയാണ് പ്രകാശനം ചെയ്തത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ബാബു, വി.എസ്. ശിവകുമാര്‍, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, പാലോട് രവി, മറിയാമ്മ ഉമ്മന്‍, ചാണ്ടിഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചലച്ചിത്ര സംവിധായകന്‍ സിദ്ധിക്കിന്റെ മേല്‍നോട്ടത്തില്‍ സണ്ണിജോസഫ് ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചു. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കി. എം.ജി. ശ്രീകുമാര്‍ ആലപിച്ചു. സൂരജ് സാറ്റ്‌വിഷനുവേണ്ടി അനില്‍മാത്യു, പി.എന്‍. നൗഷാദ്, ഷാജി, ഇന്ദു സജി എന്നിവരാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. അപൂര്‍വ ചിത്രങ്ങളും വീഡിയോകളുമുള്ള ഡോക്യുമെന്ററിക്ക് 25 മിനിട്ട് ദൈര്‍ഘ്യമുണ്ട്.

2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

കൊച്ചി: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരമൊരു വിപ്ലവകരമായ മാറ്റം നമ്മുടെ രക്ഷിതാക്കളുടെയടക്കം ചിന്തകളില്‍ ഉണ്ടാകണം. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ വേഗം തന്നെ അനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എമേര്‍ജിങ് കേരളയ്ക്കു ശേഷം സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം സംരംഭകര്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയിട്ടുണ്ട്. ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ സംരംഭകരുടെ ഭാഗത്തു നിന്നു തന്നെ നടപടി ഉണ്ടാകണം-ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ച സംരംഭകരിലൂടെയാണെന്നും ടൈകോണ്‍ കേരള അതിന്റെ ആദ്യഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

 


പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സംസ്ഥാനത്തെ തൊഴിലില്ലായ്മയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ശാരീരികാസ്ഥാസ്ഥ്യം മൂലം, സമ്മേളനത്തിന് നേരിട്ടെത്താതിരുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം റെക്കോഡുചെയ്ത് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

എന്നാല്‍, പെന്‍ഷന്‍പ്രായം ഉയര്‍ത്തുമോ ഇല്ലയോ എന്നത് പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് നാളേക്കുവേണ്ടിയാണ്. 2013 മാര്‍ച്ച് 31 വരെ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമല്ല. ഇന്ത്യയില്‍ 27 സംസ്ഥാനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നുണ്ട്.

സേവനാവകാശനിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴുവര്‍ഷമായി നടപ്പാക്കാതിരുന്ന ആശ്രിതനിയമനം 549 സൂപ്പര്‍ ന്യൂമററി തസ്തികയുണ്ടാക്കി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.