ജനസമ്പര്‍ക്കം വെബ്സൈറ്റിലും ഹിറ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ 15 മണിക്കൂര്‍ ജനസമ്പര്‍ക്ക പരിപാടി ആദ്യന്തം തത്സമയ സംപ്രേക്ഷണം നടത്തിയ മുഖ്യമന്ത്രിയുടെ വെബ്സൈറ്റിന് റിക്കാര്‍ഡ് ഹിറ്റ്. 3.68 ലക്ഷം ഹിറ്റാണ് സൈറ്റില്‍ ഉണ്ടായത്. രാവിലെ 9.30ന് തുടങ്ങി രാത്രി 12.30 വരെ നീണ്ട ജനസമ്പര്‍ക്ക പരിപാടി മുഴുവന്‍ സമയവും തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. സി-ഡിറ്റിന്റെ സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.
പതിനായിരക്കണക്കിന് ആളുകള്‍ നിരന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചവരില്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡയും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ ഓഫീസും വെബ്ബിലൂടെ സജീവ സംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പ് നടന്നുവരികയാണ്. സി-ഡിറ്റിനെയാണ് ഇതിന്റെയും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ വെബ്സൈറ്റിന്റെ വിജയം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് സജീവ സംപ്രേക്ഷണം ഒരുക്കാനുള്ള ചുമതല സി-ഡിറ്റിനെ ഏല്‍പ്പിച്ചത്.


















