തിരുവനന്തപുരം: മലയാള ഭാഷയ്‌ക്കു വൈകാതെ ക്ലാസിക് പദവി ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒട്ടുംവൈകാതെ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടു കൈക്കൊള്ളുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ.പുതുശേരി രാമചന്ദ്രന്റെ ശതാഭിഷേകത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ലാസിക് പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള സംസ്‌ഥാനത്തിന്റെ ഫയലില്‍ ചില പോരായ്‌മകള്‍ കണ്ടപ്പോള്‍ പുതുശേരിയാണു തിരുത്തിയത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും മലയാളഭാഷക്കു ക്ലാസിക് പദവി ലഭിക്കുക. സാമൂഹിക വിമര്‍ശനത്തിന്റെ നല്ല ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയ വ്യക്‌തിയാണ് അദ്ദേഹം. മലയാള സര്‍വകലാശാല സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിച്ചു.
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2011 ഒക്‌ടോബർ 9, ഞായറാഴ്‌ച
മലയാളത്തിനു വൈകാതെ ക്ലാസിക് പദവി
2011 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച
എഴുത്താശാനായി ഉമ്മന്‍ചാണ്ടി; കുസൃതിയുമായി കുരുന്ന്
തിരുവനന്തപുരം: പുതുപ്പള്ളിക്കാരന്‍ കുരുന്നിന്റെ കുസൃതിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി ഒന്നു പകച്ചു. അച്ഛന്റെ മടിയിലിരുന്ന വര്‍ഗീസ് സാബുവിന്റെ നാവില്‍ ആദ്യക്ഷരം പകരാനായിരുന്നു ആചാര്യനായ മുഖ്യമന്ത്രിയുടെ ശ്രമം. സ്വതഃസിദ്ധമായ വേഗത്തിലായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കൈതട്ടിമാറ്റിയായിരുന്നു പുതുപ്പള്ളിക്കാരന്റെ കുസൃതി. അപ്രതീക്ഷിതമായ എതിര്‍പ്പില്‍ ഉമ്മന്‍ചാണ്ടിയും ഒന്നുപതറി. പൊട്ടിച്ചിരിയോടെ വീണ്ടും അദ്ദേഹം കുരുന്നിനോട് അടുത്തു. അല്‍പ്പനേരത്തെ പിണക്കത്തിനൊടുവില്‍ മുഖ്യമന്ത്രിയോട് കുരുന്ന് ഇണങ്ങി. പൊന്‍മോതിരം കൊണ്ട് വര്‍ഗീസ്‌സാബുവിന്റെ നാവില്‍ അദ്ദേഹം അക്ഷരമെഴുതി. പിന്നീട് കൈപിടിച്ചും ഹരിശ്രീ കുറിപ്പിച്ചു. പുതുപ്പള്ളി കുറ്റിക്കല്‍ ഹൗസില്‍ സാബുവിന്റെ മകനാണ് രണ്ടരവയസ്സുകാരനായ വര്‍ഗീസ് സാബു.
വൈലോപ്പിള്ളി സംസ്‌കൃതിഭവനും ദേശീയബാലതരംഗവും സബര്‍മതിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭത്തില്‍ അഞ്ചുകുട്ടികള്‍ക്കാണ് മുഖ്യമന്ത്രി അക്ഷരമെഴുതിച്ചത്. വിസ്മയവിനോദ്, അലിംഅക്തര്‍, എം.ജെ.മഹാദേവന്‍, ദേവനാരായണന്‍ എന്നിവരെയും അദ്ദേഹം അക്ഷരവിദ്യ തുടങ്ങിച്ചു. ബുധനാഴ്ച രാവിലെ 6.15 നാണ് മുഖ്യമന്ത്രി വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെത്തിയത്. പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.എം.ആര്‍.തമ്പാന്‍, ഡോ. ബഷീര്‍ മൗലവി, ഗിരിജാ ചന്ദ്രന്‍ എന്നിവരും കുട്ടികളെ എഴുത്തിനിരുത്തി. നൃത്തം, ചിത്രകല എന്നിവയിലും വിദ്യാരംഭം നടന്നു. എണ്‍പതോളം കുട്ടികള്‍ അക്ഷരമെഴുതി.
2011 ഒക്‌ടോബർ 6, വ്യാഴാഴ്‌ച
റോഡപകടം: പരിക്കേറ്റവരെ സഹായിക്കുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കരുത്
തിരുവനന്തപുരം: റോഡപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് ആസ്പത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സി.പി. മുഹമ്മദ് എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അപകട രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആസ്പത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനുമായി തുക വകയിരുത്തും.
ടിപ്പര്‍ ലോറി മുഖേനയുള്ള അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തും. സ്‌കൂള്‍ പരിസരങ്ങളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍മൂലം റോഡപകടങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാനായിട്ടുണ്ട്. 2007-ല്‍ 38432 അപകടങ്ങള്‍ ഉണ്ടായ സ്ഥാനത്ത് 2010 ല്‍ 33734 ആയി കുറഞ്ഞിട്ടുണ്ട്. 2011 സപ്തംബര്‍ 25 വരെ 24529 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2007 ല്‍ 3615 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. 2010 ല്‍ ഇത് 3688 ആയി. 2011 സപ്തംബര്‍ 25 വരെ 2756 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. അപകടങ്ങളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് റോഡ് സുരക്ഷയില്‍ നാം ജാഗരൂകരാകേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
2011 ഒക്‌ടോബർ 5, ബുധനാഴ്‌ച
രാജി ഒന്നിനും പരിഹാരമല്ലെന്ന്
തിരുവനന്തപുരം: രാജികൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും അന്വേഷിച്ച് സത്യം കണ്ടെത്തുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ അദ്ദേഹം രാജിവെയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോട് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകന്‍ വി.എ. അരുണ്‍ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നടപടി എടുത്ത വി.എസ്. തനിക്കും തന്റെ ഓഫീസിനുമെതിരായ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം.
വി.എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പറഞ്ഞതിനാലാണ് എഴുതി നല്‍കിയത്. എന്നാല്‍ എഴുതിനല്‍കിയപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി ഏകപക്ഷീയമായ നിലപാട് എടുത്തു. ലോകായുക്തയുടെ അധികാര പരിധിയില്‍ വരാത്ത അന്വേഷണമാണ് ലോകായുക്തക്ക് വിട്ടത്. അന്നേ താന്‍ പറഞ്ഞതാണ് ഇപ്പോള്‍ ഹൈക്കോടതി പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വി. എസി നെതിരെ വിജിലന്‍സ് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍. ബാലകൃഷ്ണപിള്ള തന്റെ സ്റ്റാഫില്‍പ്പെട്ട ഒരാളെ വിളിച്ചിട്ടുണ്ടെന്ന കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പിള്ളയുടെ ഫോണ്‍ വിളി അന്വേഷണത്തിന് പ്രതിപക്ഷ നേതാവ് പറയുന്ന വിധം അന്വേഷണോദ്യോഗസ്ഥരെ കൂടെക്കൂടെ മാറ്റണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ പോലും നിയമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി കിട്ടിയപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വാളകം ആര്‍.വി.വി. ഹൈസ്‌കൂളില്‍ അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ അധ്യാപകന്റ മൊഴി നിര്‍ണായകമാവുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല. അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് സ്‌കൂളിനെ സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയോജനനയം ഉടന്‍
കോട്ടയം: മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വയോജനനയം ഉടന്‍ നടപ്പാക്കിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലോക വയോജനദിനത്തോടനുബന്ധിച്ച് ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്റെ 15-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളം സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
വയോജന ഉപദേശകസമിതി പുനസ്സംഘടിപ്പിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നട അണിയിച്ച് ആദരിച്ചു.
2011 ഒക്‌ടോബർ 4, ചൊവ്വാഴ്ച
ജോലിയില്ലാതെ മടങ്ങുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്
ജോലിയില്ലാതെ മടങ്ങുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്
തിരുവനന്തപുരം: വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസി മലയാളികള്‍ക്കായി പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പാക്കേജ് ആലോചിക്കുന്നതെന്ന് രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.ഡിസംബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് പ്രവാസി സംഗമം സംഘടിപ്പിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന എമര്‍ജിങ് കേരളയുടെ മുന്നോടിയായി വിദേശത്തുവെച്ച് പ്രവാസി സംഘടനകളുടെ യോഗം വിളിക്കും. ഉത്സവ സീസണില്‍ എയര്‍ ഇന്ത്യ യാത്രക്കൂലി കുത്തനെ ഉയര്‍ത്തുന്നത് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. 60 കഴിഞ്ഞ അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നടപ്പാക്കും. വിദേശത്ത് ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനും നിയമ പരിരക്ഷക്കും ശ്രമിക്കും. വിദേശ രാജ്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍ എംബസികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അവരെ മടക്കിക്കൊണ്ടുവരാന്‍ നടപടിയെടുക്കും.മൃതദേഹം നാട്ടില്‍കൊണ്ടുവരാന്‍ സ്പോണ്‍സര്‍മാരും മറ്റും സഹായിക്കുന്നില്ളെങ്കില്‍ അതിനായി കാരുണ്യം എന്ന പേരില്‍ പദ്ധതി നടപ്പാക്കും. അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കും മലയാള പഠനത്തിനും സംവിധാനമൊരുക്കും.
പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെ തുക രണ്ട് ലക്ഷമായി ഉയര്‍ത്തും. അംഗവൈകല്യമുണ്ടായാല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കും. വിദേശതൊഴിലിനായി പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ പരിമിതമായ സാമ്പത്തിക വിഹിതവും സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്തി ഫലപ്രദമായ പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച
കേരളം നേരിടുന്ന പ്രതിസന്ധി മാലിന്യക്കൂമ്പാരം
കേരളം നേരിടുന്ന പ്രതിസന്ധി മാലിന്യക്കൂമ്പാരം

കോട്ടയം: ആരോഗ്യമുള്ള എല്ലാവരും വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും മാലിന്യവിമുക്തകേരളം കര്‍മപരിപാടിയില്‍ പങ്കെടുക്കണമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ശുചിത്വോത്സവം -2011’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന വലിയ പ്രതിസന്ധി മാലിന്യക്കൂമ്പാരമാണ്. ഇതിന്‍െറ ഫലമായി പകര്‍ച്ചപ്പനിയും പകര്‍ച്ചവ്യാധികളും തുടര്‍ച്ചയായി സംഭവിക്കുന്നു. ആഘാതം നേരിടുന്ന പ്രദേശങ്ങള്‍ മാറിമാറി വരുന്നുവെന്നല്ലാതെ ഇവയെ പൂര്‍ണമായി വരുതിയിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ എല്ലാവരുടെയും സഹായത്തോടെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തുകയാണ് വേണ്ടത്. മാലിന്യവിമുക്ത വിദ്യാലയം പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് തയാറാക്കിയ ശുചിത്വ മാസ്റ്റര്‍ പ്ളാന്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍മല്‍ ഗ്രാമപുരസ്കാരം നേടിയ പഞ്ചായത്തുകള്‍ക്കുളള ആദ്യ വിഹിതം വൈക്കം ബ്ളോക് പഞ്ചായത്തിനും ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തിനും മന്ത്രി നല്‍കി. ശുചീകരണ തൊഴിലാളികള്‍ക്ക് മാസ്ക്, ഗ്ളൗസ് എന്നിവ ജോസ് കെ. മാണി എം.പി വിതരണം ചെയ്തു. മാലിന്യം ശേഖരിക്കുന്ന പ്രത്യേക ബക്കറ്റുകള്‍ ആന്‍േറാ ആന്‍റണി എം.പി വിതരണം ചെയ്തു. യോഗത്തില്‍ എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ. സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധാ വി. നായര്‍, തദ്ദേശഭരണ സെക്രട്ടറി ആര്‍.കെ. സിങ്, കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സുരേഷ് കുമാര്‍, ത്രേസ്യാമ്മ ജോര്‍ജ്, അംഗങ്ങളായ എന്‍.ജെ. പ്രസാദ്, ഫില്‍സണ്‍ മാത്യൂസ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഷാജി ജോര്‍ജ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍ കുമാര്‍, കൗണ്‍സിലര്‍ രാജം ഡി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ മിനി ആന്‍റണി സ്വാഗതവും ജോര്‍ജ് ചാക്കച്ചേരി പദ്ധതി വിശദീകരണവും നടത്തി. കെ.ബി. ശിവദാസ് നന്ദി പറഞ്ഞു.
2011 ഒക്‌ടോബർ 2, ഞായറാഴ്‌ച
ബാലകൃഷ്ണപിള്ള വിളിച്ചിട്ടില്ല
തൃക്കാക്കര: ആര്‍.ബാലകൃഷ്ണപിള്ളയെ താന്‍വിളിച്ചിട്ടില്ലെന്നും തന്നെ പിള്ളയും വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നവര്‍ ഇങ്ങനെ പറയരുതെന്നും, ഏതു വിധത്തില്‍ വേണമെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാക്കനാട്ട് പറഞ്ഞു. പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണ വിവാദത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ആരോപണത്തിന്റെ പ്രതികരണമാരായാന്‍ വാര്‍ത്താലേഖകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വളഞ്ഞപ്പോള്‍. എറണാകുളം ജില്ലാ ആസൂത്രണ സമിതിയുടെ സെക്രട്ടേറിയറ്റ് മന്ദിരം കാക്കനാട്ട് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങുകയായിരുന്നു മുഖ്യമന്ത്രി.
2011 സെപ്റ്റംബർ 29, വ്യാഴാഴ്‌ച
അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ‘പാമോയില്‍’ വഴി കിട്ടി -ഉമ്മന്‍ചാണ്ടി
അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്ത് ‘പാമോയില്‍’ വഴി കിട്ടി
തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ അതിജീവിക്കാനുള്ള കരുത്താണ് പാമോയില്‍ ആക്ഷേപത്തിലൂടെ തനിക്ക് കിട്ടിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമോയില്‍ കേസില്‍ 20 വര്‍ഷം തന്‍െറ പേര് ആരും പറയാതിരുന്നിട്ട് പെട്ടെന്ന് പറഞ്ഞപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായി. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ടൈറ്റാനിയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അഴിമതി ആരോപണം വന്നപ്പോള്‍ അക്കാര്യം ബോധ്യമായി. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഉമ്മന്‍ചാണ്ടി നൂറ് കോടിയുടെ അഴിമതി നടത്തിയെന്ന വി. ശിവന്‍കുട്ടിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ടൈറ്റാനിയത്തിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതിയില്‍ മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നാണ് ശിവന്‍കുട്ടി ആരോപിച്ചത്. മലിനീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ 32 സ്ഥാപനങ്ങള്‍ പൂട്ടാനാണ് സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി കത്ത് തന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കിയാല്‍ എ.എഫ്.എ.സി.ടിയും ടൈറ്റാനിയവും പൂട്ടാതിരിക്കാമെന്ന വ്യവസ്ഥയും അവര്‍ മുന്നോട്ടുവെച്ചു. അതിന്‍െറ അടിസ്ഥാനത്തിലാണ് പ്ളാന്‍റ് സ്ഥാപിക്കുന്ന നടപടിയുമായി മുന്നോട്ടുപോയത്.
അഴിമതിയുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ സര്‍ക്കാറിന് പദ്ധതി നടത്താതിരിക്കാമായിരുന്നല്ളോ. പദ്ധതിയുടെ ചെലവ് കുറഞ്ഞുവെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ഉല്‍പാദനം കൂട്ടി മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയാണ് തന്‍െറ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മലിനീകരണം കുറയ്ക്കാനുള്ള പദ്ധതി മാത്രമാണ് എല്‍.ഡി.എഫ്നടപ്പാക്കിയത്.
കഴിഞ്ഞ സര്‍ക്കാറാണ് പദ്ധതി നടപ്പാക്കിയതും മാറ്റം വരുത്തിയതും. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കഴിഞ്ഞ നാല്വര്‍ഷം കൊണ്ട് വിജിലന്‍സ് അന്വേഷണം നടത്തി കണ്ടെത്താത്തതെന്താണ്. വിജിലന്‍സ് അന്വേഷണത്തില്‍ ഒരു തെളിവും കിട്ടാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണത്തിന് മുറവിളി കൂട്ടുന്നത്.
പാമോയില്‍ കേസ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വിജിലന്‍സ് കോടതിയില്‍ വന്നപ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞതിന് താഴെയുള്ള കാര്യങ്ങള്‍ മാത്രമാണ് കഴിഞ്ഞദിവസം ഹൈകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുള്‍പ്പെട്ട കേസായതിനാല്‍ സര്‍ക്കാറിന്‍െറ പ്രധാന അഭിഭാഷകനൊന്നുമല്ല ഹൈകോടതിയില്‍ ഹാജരായത്.
പാമോയില്‍ കേസിന്‍െറ അന്വേഷണത്തെ ബാധിക്കുന്ന ഒരുഇടപെടലും സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുണ്ടാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ കുട്ടികളുടെ യാത്ര: വാഹന നിയമം ഭേദഗതി ചെയ്യും
സ്കൂള്‍ കുട്ടികളുടെ യാത്ര: വാഹന നിയമം ഭേദഗതി ചെയ്യും
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മുഴുവന്‍ വാഹനങ്ങളെയും ബാധിക്കുന്ന വിധത്തില്‍ മോട്ടോര്‍വാഹന നിയമത്തില്‍ വ്യവസ്ഥകള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന നിയമത്തിന്‍െറ ചട്ടങ്ങളില്‍ മാറ്റംവരുത്തേണ്ടതുണ്ട്.ഡ്രൈവര്‍മാരുടെ പരിചയം, വാഹനങ്ങളുടെ കാലപ്പഴക്കം ഉള്‍പ്പെടെ കാര്യങ്ങളില്‍ മാറ്റം വരണം. സ്കൂളുകളുടെ ഒൗദ്യോഗിക വാഹനങ്ങളെക്കാള്‍ സ്വകാര്യ കരാര്‍ വാഹനങ്ങളാണ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതില്‍ ഏറെയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമസമരം നിരുല്‍സാഹപ്പെടുത്തുമെന്നാണ് താന്‍ പറഞ്ഞതെന്നും അല്ലാതെ പ്രതിപക്ഷത്തോട് യുദ്ധ പ്രഖ്യാപനത്തിനില്ളെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ നടന്നത് ജനാധിപത്യ സമരങ്ങളായിരുന്നില്ല. എത്ര വാഹനങ്ങളാണ് നശിപ്പിച്ചത്. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കില്ല.
ക്രിമിനല്‍ പശ്ചാത്തലമുള്ള 556 പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റാണ് ഹൈകോടതി മുമ്പാകെ സമര്‍പ്പിച്ചത്. ഈ ഉദ്യോഗസ്ഥരെ നിരീക്ഷിക്കും. അത്തരം ഉദ്യോഗസ്ഥരെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിയമിക്കണമോയെന്ന കാര്യവും പരിശോധിക്കും. അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടിയതാണ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.വര്‍ഷങ്ങളായി പീഡനങ്ങള്‍ക്ക് വിധേയമായിരുന്ന ആദിവാസികള്‍ ഉള്‍പ്പെട്ട അവിവാഹിത അമ്മമാരില്‍ പലരില്‍ നിന്നും നിര്‍ബന്ധിച്ച് പരാതി വാങ്ങിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിവാഹിതരായ മാതാക്കളുടെ കുട്ടികള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ളെന്ന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കും.പ്രതിപക്ഷം ആഹ്വാനം ചെയ്ത കരിദിനത്തില്‍ കറുത്ത കച്ചകെട്ടി വന്നവരെയാണ് പൊലീസ് തടഞ്ഞത്. അവര്‍ പ്രതിപക്ഷ അനുകൂല സംഘടനയില്‍പെട്ടവരുമായിരുന്നു. അല്ലാതെ ആദിവാസി സ്ത്രീകളെ അപമാനിക്കുന്ന യാതൊരു നടപടിയുമുണ്ടായില്ല.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗഹൃദമായ കേരളം സൃഷ്ടിക്കുന്നതിനായുള്ള നയം രൂപവത്രിക്കാനായി ബി. സുഗതകുമാരി അധ്യക്ഷയും ലിഡാ ജേക്കബ്, ശാരദാ മുരളീധരന്‍, സുനിതാകൃഷ്ണന്‍, മല്ലികാ സാരാഭായി എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
അഴിമതിക്കെതിരായി കര്‍ശനനടപടി സ്വീകരിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി മുന്‍ ചീഫ്സെക്രട്ടറി മോഹന്‍കുമാര്‍ അധ്യക്ഷനും മുന്‍ ഡി.ജി.പി ഹോര്‍മിസ് തരകന്‍, സാമുവല്‍ പോള്‍, രഘുനന്ദന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.














