തിരുവനന്തപുരം: കേന്ദ്രത്തിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനവുമായി രംഗത്ത്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് മൂലമല്ല കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായത് എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കാസര്‍കോട്ടെ ചില മേഖലകളിലുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കീടനാശിനി തളിക്കുന്നത് മൂലമാണ് എന്നുതന്നെയാണ് തങ്ങളുടെ അഭിപ്രായം. അവിടത്തെ പ്രസ്തുത പഞ്ചായത്തുകളിലെ മനുഷ്യരുടെ ജീവിതവും രോഗാവസ്ഥയും വേദനാജനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം എടുത്ത നിലപാടിനോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് കഴിഞ്ഞദിവസമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. കൃഷി മന്ത്രാലയം ഡയറക്ടര്‍ വന്ദന ജെയിന്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനോടാണ് മുഖ്യമന്ത്രി വിയോജിച്ചത്.













കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അടുത്തമാസം 21ന് എല്ലാ മന്ത്രിമാരും ഡല്‍ഹിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാഴ്ച അവിടെ തങ്ങി വിവിധ വകുപ്പുകള്‍ക്ക് കേന്ദ്രത്തില്‍നിന്നും പരമാവധി സഹായം നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃപ്പൂണിത്തുറ: പൊലീസ് സേനാംഗങ്ങള്‍ക്ക് എ.ടി.എം. വഴി ശമ്പളം ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനകാര്യവകുപ്പുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറ എ.ആര്‍.ക്യാമ്പില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.









