UDF

2015, ഡിസംബർ 27, ഞായറാഴ്‌ച

ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


തൊടുപുഴ: മലയോരകര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷികമേള ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതുവരെ വലിയൊരു ശതമാനം കര്‍ഷകര്‍ക്ക് പട്ടയങ്ങള്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് പട്ടയങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായാണു ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയിലുണ്ടാകുന്ന തളര്‍ച്ച കേരളത്തെ സാരമായി ബാധിക്കും. റബ്ബര്‍, നാളികേരം, നെല്ല് എന്നിവ പ്രതിസന്ധി നേരിടുകയാണ്. ഇവയുടെ നിലനില്പ് ഭദ്രമാക്കാന്‍ സര്‍ക്കാര്‍ വളരെയധികം പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

രാജ്യത്തെ റബ്ബര്‍ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. ചെറുകിട കര്‍ഷകരാണ് റബ്ബര്‍ ഉത്പാദകരില്‍ ഭൂരിപക്ഷവും. ഇവരുടെ സാമ്പത്തികനില തകരുന്നത് കേരളത്തെ അസ്ഥിരപ്പെടുത്തും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കിലോഗ്രാമിന് 150 രൂപ കര്‍ഷകന് ഉറപ്പാക്കി 300 കോടി രൂപ സബ്‌സിഡി ഇതിനോടകം അനുവദിച്ചുകഴിഞ്ഞു. വിപണിയില്‍ റബ്ബര്‍വില എത്ര താഴോട്ടുപോയാലും 150 രൂപ വില കര്‍ഷകന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.