UDF

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

കേരളത്തിനാവശ്യം വികസനം, അത് തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കില്ല


പട്ടിണിയില്ലാത്ത പ്രാഥമിക സൌകര്യങ്ങളും ആരോഗ്യ സുരക്ഷയും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളും എല്ലാവർക്കും ലഭ്യമാകുന്ന ഏറ്റവും മികച്ച അടിസ്ഥാന സൌകര്യങ്ങളും, സാങ്കേതിക വിദ്യയും ജനങ്ങൾക്ക്‌ അനുഭവ വേദ്യമാവുന്ന, സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന ഒരു സംസ്ഥാനമായി കേരളത്തെ രൂപാന്തരപ്പെടുത്താൻ ഈ സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉയർത്തി കാട്ടിയ വികസനത്തോടൊപ്പം കരുതലും എന്ന മുദ്രാവാക്യത്തോട് പൂർണ്ണമായി നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. സുപ്രധാന അടിസ്ഥാന വികസന മേഖലകളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിക്ഷേപം വർദ്ധിപ്പിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിച്ച് സാമൂഹ്യ സുരക്ഷ എല്ലാ ജന വിഭാഗങ്ങൾക്കും ലഭ്യമാക്കി, സന്തുലിത വികസനം ഉറപ്പു വരുത്തുന്നതിന് ഞങ്ങൾ അനവരതം യജ്നിക്കുകയാണ്.

ഈ ഗവൺമെന്റിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ വികസന ചരിത്രത്തിൽ എക്കാലത്തെയും മികച്ച നേട്ടങ്ങൾ കൈവരിക്കാനായെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ നയ പരിപാടികൾക്ക്, ഇടയ്ക്കെന്നോ നഷ്ടപെട്ടു പോയ വിശ്വാസ്യത വീണ്ടെടുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിൽ ഉണ്ടായ ഉണർവിനും വ്യാവസായിക സംരംഭക അന്തരീക്ഷത്തിൽ അടിക്കടി ആയി രേഖപ്പെടുത്തിയിട്ടുള്ള പുരോഗതിയിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

മുൻനിര പദ്ധതികൾക്ക് ലഭിക്കുന്ന വന്പിച്ച പിന്തുണയും കേരളത്തിന്റെ ഭാവിയെ പറ്റി പുത്തൻ പ്രതീക്ഷ ഉയർത്തുന്നവയാണ്. വികസനം ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് അത് ജനങ്ങളുടെ ക്ഷേമത്തിന് എത്ര മാത്രം പ്രയോജനപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിശീർഷ വരുമാനത്തിലായാലും കുടുംബങ്ങളുടെ ആസ്ത്തിയിലുണ്ടായ വർദ്ധനവിലായാലും കേരളം ഇന്ന് ഇന്ത്യയിലെ മുൻ നിര സംസ്ഥാനങ്ങൾക്ക് ഒപ്പമാണ്. കേരളീയരുടെ ഭൌതിക ജീവിത ഗുണ നിലവാര സൂചിക ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ അവസരങ്ങൾ നഷ്ട്ടപ്പെടുത്തിയ ശേഷം പിന്നീട് ദുഖിക്കുന്ന പ്രവർത്തന ശൈലിയല്ല കേരളത്തിന് ആവശ്യം. വികസനത്തിൽ രാഷ്ട്രീയ കാഴ്ച്ചപ്പാടിലാതെ എല്ലാവരെയും സഹകരിപ്പിക്കാൻ സർക്കാർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പൊതുവായ സമന്വയത്തോടെ വികസനമെന്ന കാഴ്ചപ്പാടാണ് ഗവണ്മെന്റ് പിന്തുടർന്നിട്ടുള്ളത്. എന്നാൽ വികസനത്തോട് മുഖം തിരിച്ചും സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും, വ്യക്തിഹത്യ നടത്തിയും വികസനത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല.

കേരളത്തിനാവശ്യം വികസനമാണ്, അനന്തമായ സാധ്യതകളുള്ള കേരളത്തിന്റെ വികസനം തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കാൻ സാധ്യമല്ല. കേരളത്തിന്റെ വികസനത്തെ പറ്റി ഞങ്ങൾക്കൊരു സ്വപ്നമുണ്ട്, കേരളത്തിനൊരു സ്വപ്നമുണ്ട്, കേരളത്തെ വളർച്ചയുടേയും പ്രശസ്തിയുടെയും പുതിയ വിതാനങ്ങളിൽ എത്തിക്കുന്നതിന് സുവ്യക്തമായ കാഴ്ചപ്പാടും, വ്യക്തമായ പദ്ധതികളും നമുക്ക് ഉണ്ടാകണം. ഇതെത്രയും വേഗം സാക്ഷാത്കരിക്കാൻ തീവ്രമായ ആഗ്രഹവും വേണം, വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാൻ കഴിയില്ല.

‪#‎OommenChandy‬