UDF

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ടൈറ്റാനിയം: താന്‍ കടമ നിർവഹിക്കുകയായിരുന്നു


തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാന്‍ പോയ സമയത്ത് താന്‍ ഇടപെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സര്‍ക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

ടൈറ്റാനിയം കേസ് അഴിമതിയാണെങ്കില്‍ അതിന് തുടക്കമിട്ടത് എല്‍.ഡി.എഫ് സർക്കാ ആണ്. പദ്ധതിക്ക് തറക്കല്ലിട്ടത് അന്ന് മന്ത്രിയായിരുന്ന എളമരം കരീമാണ്. 2011 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതു മുന്നണി സർക്കാർ പദ്ധതിക്ക് പണവും കൈമാറി. പിന്നീട് അഞ്ച്  വർഷം അധികാരത്തില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് ഇടതു മുന്നണി സര്‍ക്കാർ ടൈറ്റാനിയം അഴിമതി അന്വേഷിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിസ്ഥാനത്തില്ലെന്നും പുതിയ എഫ്.ഐ.ആർ ഇടാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും ആ സാഹചര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 
മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും മറുപടിയെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു.