UDF

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിൽ സി.പി.എമ്മിന് വലിയ വില കൊടുക്കേണ്ടി വരും


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസന് മർദ്ദനമേറ്റ സംഭവത്തിൽ സി.പി.എം വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരോട് അദ്ദേഹം അപമര്യാദയായി സംസാരിച്ചുവെന്ന് താൻ കരുതുന്നില്ല. അത്തരത്തിൽ പൊലീസ് റിപ്പോർട്ട് ഉള്ളതായും അറിയില്ല. വളരെ നാളായി തനിക്ക് വ്യക്തി പരിചയമുള്ള ആളാണ് ശ്രീനിവാസൻ. മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണെന്നതിൽ ആർക്കും സംശയമില്ല. സംഭവത്തെക്കുറിച്ച് പിണറായി നടത്തിയ പ്രസ്താവന പിന്നീട് തിരുത്തേണ്ടി വന്നു. സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവസരമുണ്ട്. പക്ഷേ എല്ലാ പരിധിയും ലഘിച്ച പ്രവർത്തനമാണ് കോവളത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്രസർക്കാർ വൈ വിഭാഗത്തിലെ സുരക്ഷ ഒരുക്കിയതെക്കുറിച്ചോ അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായോ തനിക്ക് അറിവില്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് അടിസ്ഥാനമില്ല. അതേസമയം കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് വക്കത്ത് നടന്ന കൊലപാതകം. കുറ്റവാളികളെ സംഭവം നടന്ന് മിനിറ്റുകൾക്കകം പിടികൂടാൻ ആയത് പൊലീസിന്റെ മികവാണ്. അതിനെ അഭിനന്ദിക്കുന്നു. ടി.പി. ശ്രീനിവാസനെ മർദ്ദിച്ചയാളെയും പെട്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ ചിലർക്ക് വിഷമം കാണും. സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിച്ച വകുപ്പുകളിലൊന്നാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു.