UDF

2016, ഫെബ്രുവരി 24, ബുധനാഴ്‌ച

സ്മാർട് സിറ്റി: വരാനിരിക്കുന്നത് വൻകിട കമ്പനികൾ


ന്യൂഡൽഹി: കൊച്ചി സ്മാർട് സിറ്റിയിൽ വലിയ കമ്പനികൾ ക്യൂവിലുണ്ടെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2020 നകം മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാകും. ആദ്യം സ്മാർട് സിറ്റി നടപ്പാവില്ലെന്നായിരുന്നു ആരോപണം.

ആദ്യ ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ അതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നായി. മികവു തെളിയിച്ച മലയാളി വ്യവസായികളുടെ കമ്പനികൾ ആദ്യ ഘട്ടത്തിൽ രംഗത്തുവന്നിട്ടുണ്ട്. അതിനെ കുറച്ചു കാണേണ്ടതില്ല. ഇനി കൂടുതൽ പേർ മുന്നോട്ടു വരും. അതിൽ വൻകിട കമ്പനികളുണ്ടാവും. ഇപ്പോൾ വന്നിരിക്കുന്നവരെ ചെറുകിടക്കാരായി കാണുന്നില്ല. വികസനവും കരുതലും എന്ന മുദ്രാവാക്യം മുൻനിർത്തി തന്നെയാണ് ഇനിയും മുന്നോട്ടു പോവുക.

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തന്നെയാവും അടുത്ത തിരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുക. സർക്കാരിന്റെ വികസനവഴിയിലെ നേട്ടം തന്നെയാണു സ്മാർട് സിറ്റിയെന്നു മുഖ്യമന്ത്രി പറഞ്ഞു.