UDF

Wednesday, February 10, 2016

രാഷ്ട്രീയലാഭത്തിന് സരിതയുടെ പിറകെ പോകരുത്


സരിതയുടെ മൊഴി മാത്രം എടുത്ത് പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും സരിതയുടെ പിറകെ പോയാല്‍ എല്ലാം വെള്ളത്തിലാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സരിതയ്ക്ക് സി.പി.എം. 10 കോടി രൂപ നല്‍കിയെന്ന ആരോപണം ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം. താന്‍ 14 മണിക്കൂര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുന്ന ആളാണ്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ല. രാഷ്ട്രീയലാഭത്തിന് വേണ്ട് അപവാദങ്ങള്‍ക്ക് പുറകെ പോകുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചു. താൻ 46 വർഷമായി ഈ നിയമസഭയിലുണ്ട്. പഴയ കാലത്തെ ഊഷ്മള ബന്ധവും പരസ്പര ധാരണയും ഓർമിച്ചു പോകുന്നു. ഇന്ന് എല്ലാം അന്ധമായ രാഷ്ട്രീയക്കണ്ണിലൂടെ മാത്രം കാണുകയാണ്. മുഖ്യമന്ത്രി എന്ന പരിഗണന വേണ്ട. പൊതുപ്രവർത്തകൻ എന്നതു മാത്രം മതി. ആ പരിഗണന പോലും പ്രതിപക്ഷം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒരു തെളിവും നശിപ്പിക്കപ്പെട്ടിട്ടില്ല. ബിജു രാധാകൃഷ്ണന്‍ സി.ഡി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിന്റെ പിറകെ പോയവര്‍ എല്ലാം നാണം കെട്ടില്ലേ. അതു കൊണ്ട് ആക്ഷേപം പറയുന്നത് ഏത് സാഹചതര്യത്തിലാണ് എന്ത് സാഹചര്യത്തില്‍ എന്നു കൂടി ഒന്ന് നോക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏതു വടി കിട്ടിയാലും അടിക്കാമെന്നു പ്രതിപക്ഷം കരുതിയാൽ, തിരിച്ചടിയും ലഭിക്കുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  എന്തെങ്കിലും സത്യമുണ്ടോ എന്നു പോലും പരിശോധിക്കാതെ ആരോപണങ്ങളുമായി പ്രതിപക്ഷം മുന്നിട്ടിറങ്ങിയതു വേദനിപ്പിക്കുന്നെന്നും മുഖ്യമന്ത്രി മറുപടി നൽകി.


താൻ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി എന്നു പറയുന്ന സമയത്താണ് ഇക്കൂട്ടരുടെ 6500 രൂപയുടെ ചെക്ക് മടങ്ങിയത്. സിപിഎം പത്തു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ഇവരുടെ ആരോപണം ഏറ്റുപിടിക്കാൻ ഇന്നേവരെ തങ്ങളാരെങ്കിലും തുനിഞ്ഞോ? കേസുകളിൽ പ്രതികളാകുന്നവർ നിലനിൽപ്പിനായി പലതും പറയും. അതു കൂടി കണക്കിലെടുത്തുവേണം ഏറ്റുപിടിക്കാൻ. സോളർ കമ്മിഷൻ മുമ്പാകെ രണ്ടു മണിക്കൂർ കൊണ്ടു തന്റെ മൊഴിയെടുപ്പു പൂർണമായി. വിസ്താരത്തിനാണു പിന്നീട് ഇരുന്നു കൊടുത്തത്. സരിതയുടെ വക്കീലും അവിടെയുണ്ടായിരുന്നു. ഇത്രയൊക്കെ താൻ ചെയ്തുവെങ്കിൽ ഒരു ചോദ്യം അതേപ്പറ്റി അവിടെ ചോദിക്കേണ്ടേ? തനിക്കെതിരെ ഇവർ മൊഴി നൽകിയതിൽ പരിഭവമില്ല. ഇക്കൂട്ടരുടെ തട്ടിപ്പു മുഴുവൻ പുറത്തു കൊണ്ടുവന്നു ശക്തമായ നടപടിയെടുത്ത സർക്കാരിനോടു വിരോധം ഉണ്ടാവുക സ്വാഭാവികം. വിജിലൻസ് കോടതി വിധിക്കെതിരേ സ്റ്റേ വാങ്ങിയതു വലിയ കാര്യമായി കോടിയേരി ബാലകൃഷ്ണൻ ഇവിടെ പറഞ്ഞു. ആരൊക്കെയാണു സ്റ്റേയുടെ ബലത്തിൽ നിൽക്കുന്നതെന്ന് എല്ലാവർക്കും അറിയാം– മുഖ്യമന്ത്രി പറഞ്ഞു.