UDF

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ചാണ്ടി ഉമ്മനെതിരായ ആരോപണം; സരിതയ്ക്കെതിരെ നിയമനടപടി


ചാണ്ടി ഉമ്മനെതിരെയുളള സരിത എസ്.നായരുടെ ആരോപണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കെതിരായ പ്രതിപക്ഷ ആരോപണത്തിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി വേദിയിലെത്തിയ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് മണ്ഡലത്തോടുള്ള തന്റെ സ്നേഹമായിരുന്നു. പുതുമയില്ലാത്ത ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസം തനിക്കുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സാമ്പത്തീകസ്രോതസ് തകർന്ന മദ്യമുതലാളിമാരുടെ പകരം വീട്ടലാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരുന്നത്. തനിക്കെതിരെ മാത്രം ആരോപണമുന്നയിച്ചിരുന്നവർ ഇപ്പോൾ കുടുംബത്തെയും വെറുതെ വിടുന്നില്ല.

തൃശൂർ വിജിലൻസ് കോടതി പരാമർശത്തിന് ഹൈക്കോടതി രണ്ടുമാസം സ്റ്റേ നൽകിയതിന് ശേഷം പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രിക്ക് വൻസ്വീകരണമാണ് നൽകിയത്. മന്ത്രിമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധകൃഷ്ണൻ, ബെന്നി ബെഹന്നാൻ എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.