സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്
യു ഡി എഫ് മന്ത്രിസഭാ ടീം ഒറ്റക്കെട്ടാണെന്നും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നതില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഹമന്ത്രിമാരും എം എല്‍ എമാരും യു ഡി എഫ് നേതാക്കള്‍ അടക്കം നൂറു കണക്കിനാളുകളും തിങ്ങി നിറഞ്ഞ കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ പാഠപുസ്തകം, മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികള്‍ക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു.
സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന നേട്ടം മാത്രമാണ് ഈ സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ട്. അത് ജനാധിപത്യ രീതിയില്‍ പരിഹരിക്കും. ജനപിന്തുണയും മുന്നണിയുടെ കെട്ടുറപ്പുമാണ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പറയാനുള്ള ആത്മവിശ്വാസം തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് എം എല്‍ എ മാരുടെ ഭൂരിപക്ഷവുമായി അധികാരമേറ്റെങ്കിലും അതേക്കുറിച്ച് പിന്നീട് ആലോചിക്കേണ്ടി വരാതിരുന്നത് സര്‍ക്കാരിന് ലഭിച്ച ജനപിന്തുണമൂലമാണ്. വിവാദങ്ങളല്ല, അന്തിമഫലമാണ് വേണ്ടത്. സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ മൂന്നു കൊല്ലമായി ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.
ലോകത്ത് എവിടെ ആഭ്യന്തര കലാപമോ യുദ്ധമോ ഉണ്ടായാലും മലായാളിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ ഒരു മലയാളിയും കേരളത്തിന് പുറത്ത് ജോലിതേടി പോകേണ്ടിവരില്ല. സര്‍ക്കാര്‍ ഇതിനോകം പ്രഖ്യാപിച്ച വികസനപദ്ധതികള്‍ എല്ലാം പൂര്‍ത്തിയാക്കുകയാണ് അടുത്ത വര്‍ഷത്തെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആശവര്‍ക്കര്‍മാര്‍ക്ക് ഇന്‍ഷുറന്‍സും ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്കുന്ന പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞവര്‍ നിരാശരായിരിക്കുകയാണെന്ന് മന്ത്രി കെ. എം മാണി പറഞ്ഞു. മന്ത്രിസഭായില്‍ തര്‍ക്കങ്ങളും അപ ശബ്ദങ്ങളുമില്ലെന്നതാണ് സര്‍ക്കാരിന്റെ നേട്ടം. കൃഷിക്കാരെയും സാധാരണക്കാരെയും പരിഗണിക്കാത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നാട്ടിലില്ലാത്ത പ്രധാനമന്ത്രിയായി മാറിയിരിക്കുകായണെന്നും മാണി പറഞ്ഞു.
വേനല്‍മഴയുടെ കാര്‍മേഘം ഒഴിഞ്ഞെന്നും അന്തരീക്ഷം തെളിഞ്ഞുകഴിഞ്ഞെന്നും കരുത്തനായ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, കെ. പി മോഹനന്‍, തുടങ്ങിയവരും സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ. എം ചന്ദ്രശേഖര്‍ എന്നിവരും വേദിയുണ്ടായിരുന്നു. കെ പി സി സിഅധ്യക്ഷന്‍ വി എം സുധീരനും യു ഡി എഫ് എം എല്‍ എമാര്‍ അടക്കമുള്ള നേതാക്കളും വാര്‍ഷികാഘോഷങ്ങള്‍ക്ക് സാക്ഷിയായി. സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രത്യേക പ്രസിദ്ധീകരണങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.