UDF

2015, മേയ് 5, ചൊവ്വാഴ്ച

ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12ന് തറക്കല്ലിടും


കല്പറ്റ: ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12-ന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് ജില്ലയ്ക്കാവശ്യമായ ഒമ്പതിന പരിപാടി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 30-ന് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ.യുടെ ഇടപെടലിലൂടെ ലഭിച്ചു. എം.ജെ. വിജയപത്മന്‍ ചെയര്‍മാനായ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റാണ് 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്കിയത്. 700 കോടിയുടെ പദ്ധതിയാണ് മെഡിക്കല്‍ കോളേജിന്റേത്. ആദ്യഘട്ടത്തില്‍ 350 കോടി ചെലവഴിച്ച് ആസ്​പത്രിയും കോളേജും സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ മെഡിസിറ്റിയാണ് ഉദ്ദേശിക്കുന്നത്. 

എവിടെയൊക്കെയാണ് കെട്ടിടങ്ങള്‍ വേണ്ടതെന്ന കാര്യം നിശ്ചയിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ് അടുത്ത പരിപാടി. ഇത് പൂര്‍ത്തിയായി ഭരണാനുമതി ലഭിക്കേണ്ട താമസം മാത്രമേ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോഴിക്കോട്-വയനാട് ബദല്‍റോഡ് ഈ വര്‍ഷം

കല്പറ്റ: കോഴിക്കോട്- വയനാട് ബദല്‍റോഡ് നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.