UDF

2015, മേയ് 18, തിങ്കളാഴ്‌ച

മുഖ്യമന്ത്രിയായി അഞ്ചു വർഷം തികയ്ക്കുമെന്ന് ഉറപ്പില്ല


 മുഖ്യമന്ത്രിയായി അഞ്ചുവർഷം തികയ്ക്കുമെന്ന് ഉറപ്പില്ലെന്ന് ഉമ്മൻചാണ്ടി. എന്നാൽ യുഡിഎഫ് സർക്കാർ അഞ്ചുവർഷം തികയ്ക്കുമെന്ന് ഉറപ്പാണ്. കോൺഗ്രസിലെ നേതൃമാറ്റത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ കെടുത്തിയോയെന്ന് ജനം തീരുമാനിക്കട്ടെ. അരുവിക്കര ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ ഭരണത്തിനുള്ള വിലയിരുത്തലാകും. സർക്കാരിന്റെ കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനത്തിൽ‌ പൂർണ തൃപ്തിയുണ്ടെന്നും ഉമ്മൻ ചാണ്ടി.

അഴിമതിയ്ക്കെതിരെ എ.കെ.ആന്റണി പറഞ്ഞതിൽ തെറ്റില്ലെന്നും ജാഗ്രത പുലർത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അഴിമതിയെ കുറിച്ച് ആന്റണി പറഞ്ഞതിനെ മറ്റുപലതുമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. ആന്റണിയുടെ കാലത്ത് അഴിമതി നടന്നുവെന്ന് കരുതുന്നില്ല. അഴിമതിക്കെതിരെ വിരൽ ചൂണ്ടാൻ ഏറ്റവും അർഹതയുള്ള നേതാവാണ് അദ്ദേഹമെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം എങ്ങോട്ട് എന്ന സെമിനാറിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുയവെ മുഖ്യമന്ത്രി വ്യക്തമാക്കി. സർവീസ് സംഘടനകളുടെ യോഗത്തിൽവച്ചാണ് ആന്റണി അഴിമതിയെക്കുറിച്ച് പരാമർശം നടത്തിയത്.

അഴിമതിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ആന്റണി അങ്ങനെ പറഞ്ഞത്. സതീശന്റെ അഭിപ്രായത്തെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. വിവാദപരമായ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല. തന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽ പൂർണ പിന്തുണയാണ് ലഭിക്കുന്നത്. ഞാൻ എല്ലാം തികഞ്ഞ ആളാണെന്ന് പറയുന്നില്ല. എല്ലാവരുടെയും സഹകരണം കൊണ്ടാണ് 4 വർഷം പൂർത്തിയാക്കിയത് ഇതിൽ ഒരു മാജിക്കും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്, എന്നാൽ അത് വിലപോവില്ല. അടിസ്ഥാന സൗകര്യത്തിന് സർക്കാരിന്റെ പണം മാത്രമെന്ന കാഴ്ചപ്പാട് മാറണം. വിഴിഞ്ഞം പോലുള്ള വൻകിട പദ്ധതികൾ ഇനിയും കൊണ്ടുവരാൻ സാധിക്കും. വിഴിഞ്ഞം പദ്ധതിയിൽ എല്ലാം സുതാര്യമായാണ് നടന്നത്. എല്ലാകാര്യങ്ങളും ക്യാബിനറ്റ് ചർച്ചചെയ്യും. എല്ലാവശവും നോക്കിയെ അവസാന തീരുമാനം ഉണ്ടാകു. അതുകാര്യവും ആരുമായും ചർച്ചചെയ്യാൻ തയാറണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

പി.സി. ജോർജുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. എല്ലാവരും തനിക്ക് വേണ്ടപ്പെട്ടവരാണ്. ഒരാളെയും തള്ളിപ്പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ് യുഡിഎഫിൽ ഉണ്ട്. കേരള കോൺഗ്രസിൽ ഉള്ളവരും യു‍ഡിഎഫിൽ ഉണ്ടെന്നാണ് മുഖ്യമന്ത്രി പിസിയെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്. പാർട്ടിയാണ് തീരുമാനമെടുക്കുക. അദ്ദേഹത്തിന് എല്ലാ പരിഗണനയും കൊടുത്തിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.