UDF

2015, മേയ് 31, ഞായറാഴ്‌ച

ആഗസ്ത് 15നകം ഇടുക്കിയിലെ 18,173 പേര്‍ക്ക് പട്ടയം


തൊടുപുഴ: ആഗസ്ത് 15നകം ഇടുക്കി ജില്ലയിലെ 18,173 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള നടപടികള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ താലൂക്കുകളിലും കളക്ടറേറ്റിലും അപേക്ഷ നല്‍കിയിട്ടുള്ള 1,500 പേരുള്‍പ്പെടെ 9,500 പേര്‍ക്കാണ് പട്ടയം ലഭിക്കുക. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ 8,673 പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്തിയെന്നും വിതരണം ആഗസ്ത് 15നകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സപ്തംബര്‍മുതല്‍ ഡിസംബര്‍വരെ നാലുമാസം 2,500 പട്ടയംവീതം വിതരണം ചെയ്യുന്നതിനായി സംയുക്തപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസ് പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റംവരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ഇതോടെ ഈവര്‍ഷം ഏകദേശം 30,000 പേര്‍ക്ക്്് പട്ടയം ലഭിക്കുമെന്നാണ് പ്രഖ്യാപനം. പട്ടയവിതരണം സുഗമമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരും പുതിയ സര്‍ക്കാര്‍ ഉത്തരവുകളും നയതീരുമാനങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകണം. ഇവയില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.