UDF

2015, മേയ് 14, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും


ഹരിപ്പാട്: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുവാറ്റയില്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വേണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ ഒഴികെയുള്ള ജില്ലയിലെല്ലാം ഇതിന് നടപടിയായി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതുവികാരമുണ്ട്. ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ ഇ.എസ്.ഐ. കോര്‍പറേഷനില്‍നിന്ന് ഏറ്റെടുത്തത് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്ന കാസര്‍കോട്, വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളേജുകളും കണ്ണൂരും ചേരുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 16 മെഡിക്കല്‍ കോളേജുകളാകും. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുണ്ടായിരുന്നത് അഞ്ചെണ്ണം മാത്രമായിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ആരോഗ്യ സംരക്ഷണത്തിനും ബാധകമാക്കാന്‍ സംസ്ഥാനം മുന്‍ യു.പി.എ. സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സര്‍ക്കാറിലും ഇതിനായി സമ്മര്‍ദം ചെലുത്തും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന് നബാര്‍ഡ് അനുവദിച്ച 90 കോടി രൂപയുടെ സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിക്ക് മന്ത്രി  ശിവകുമാര്‍ കൈമാറി.