UDF

2015, മേയ് 21, വ്യാഴാഴ്‌ച

ലൈറ്റ് മെട്രോ: ജൈക്കയില്‍നിന്ന് വായ്പ ഉറപ്പായി



 തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍ (ജൈക്ക) നിന്ന് വായ്പ ഉറപ്പായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബുധനാഴ്ച ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഡല്‍ഹിയില്‍ ജൈക്ക പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് വായ്പ സംബന്ധിച്ച് ഉറപ്പുലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച വിഴിഞ്ഞം തുറമുഖം-ലൈറ്റ്‌ െമട്രോ ജനകീയ സഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈറ്റ് മെട്രോ പദ്ധതിച്ചെലവിന്റെ 80 ശതമാനം തുകയാണ് അരശതമാനം പലിശയ്ക്ക് ജൈക്കയില്‍നിന്ന് വായ്പയായി ലഭിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായധനത്തിന്റെ കാര്യംകൂടി ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കൂട്ടായ്മ ആവശ്യമാണ്. ലൈറ്റ്‌മെട്രോ പദ്ധതിയും വിഴിഞ്ഞം തുറമുഖ പദ്ധതിയും അനാവശ്യ വിവാദങ്ങളില്‍പ്പെട്ട് തടസപ്പെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിന്റെ തന്നെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍ 25 വര്‍ഷം മുമ്പെങ്കിലും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമായിരുന്നു. വിഴിഞ്ഞം തുറമുഖം ഇനിയും വൈകിച്ചാല്‍ വരും തലമുറ മാപ്പുനല്‍കില്ല-മുഖ്യമന്ത്രി പറഞ്ഞു.