UDF

2015, ഏപ്രിൽ 1, ബുധനാഴ്‌ച

കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന്


ദുബായ് : കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . ഐടി രംഗം അതിവികസന പാതയിലാണ്. നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാകുകയാണ്. ഐടി രംഗത്തു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നിക്ഷേപ സാഹചര്യമാണുള്ളത്.വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള ജനസഞ്ചയം കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ ഉദാഹരണമാണ്. ഈ മനുഷ്യവിഭവശേഷിവഴി ഏതു വിദേശനിക്ഷേപ സംരംഭത്തെയും സാങ്കേതിക രംഗത്തെ പങ്കാളിത്തത്തെയും വിജയമാക്കാനാവുമെന്നും മുഖ്യമന്ത്രി വിവരിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തിക നയങ്ങള്‍ വിദേശനിക്ഷേപത്തിന് അനുകൂലമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഎഇ വാര്‍ഷിക നിക്ഷേപ സംഗമത്തിത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി . ’വന്‍കിട വ്യവസായങ്ങളുടെ വികസനം, ചൈനയുടെയും ഏഷ്യന്‍ കടുവകളുടെയും വിജയകഥകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍” എന്ന പ്ളീനറി സെഷനിലായിന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ പ്രകടനം.പ്ളീനറി സെഷനില്‍ സാമ്പത്തിക വിദഗ്ധരോടൊപ്പം ഇന്ത്യയുടെ പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയാണ് പങ്കെടുത്തത്. പ്ളീനറി സെഷനിലെ പ്രസംഗകര്‍ എല്ലാം മാറ്റത്തിന്റെയും വികസനത്തിന്റെയും വക്താവായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിചയപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം, ഇ ഗവേണസ് പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആമുഖത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യ തുറന്നിടുന്ന വന്‍ സാധ്യതകളെക്കുറിച്ചും ഇന്ത്യന്‍ വിജയത്തെക്കുറിച്ചും മുഖ്യമന്ത്രി വിവരിച്ചു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇന്ത്യയുടെ മംഗള്‍യാനെന്നും ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെ ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യ വിജയം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.