UDF

2015, ഏപ്രിൽ 25, ശനിയാഴ്‌ച

സഹായം ലഭിക്കാന്‍ തടസ്സമാകുന്ന ചട്ടങ്ങള്‍ മാറ്റാന്‍ മടിയില്ല


  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തടസ്സമാകുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ സര്‍ക്കാറിന് മടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം പ്രശ്‌നങ്ങള്‍ സര്‍ക്കാറിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പ്രസക്തി. ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം മന്ത്രിസഭ ചര്‍ച്ച ചെയ്ത് 45 ഉത്തരവുകളാണിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ പരാതികളും അനുകൂലമായി തീരുമാനിക്കാനാകില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. നടപടിക്രമങ്ങളും തുല്യനീതി തത്ത്വങ്ങളും സര്‍ക്കാറിന് പാലിക്കേണ്ടി വരും. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന ഒരു പരാതി പോലും പരിഗണിക്കാതെ പോകില്ല. ഏതെങ്കിലും വിധത്തില്‍ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ അനുകൂലമായ തീരുമാനമുണ്ടാകും.

രോഗം ബാധിച്ച് കിടപ്പിലായവരെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഇത്തവണ നടപടി സ്വീകരിച്ചിരുന്നു. ഫോട്ടോയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷകള്‍ സ്വീകരിച്ച ശേഷം കളക്ടര്‍ നിയോഗിക്കുന്ന വിദഗ്ദ്ധ സമിതികള്‍ അവരെ വീടുകളില്‍ ചെന്ന് കണ്ട് ചികിത്സയും ധനസഹായവും സംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. ഇതിനു ശേഷവും ജനസമ്പര്‍ക്ക വേദിയിലേക്ക് ഇത്തരത്തില്‍ ആരെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അവരെ മന്ത്രിമാരാരെങ്കിലും കണ്ട് തീരുമാനമെടുക്കും. അവര്‍ക്കുള്ള സഹായം കൃത്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.