UDF

2015, ജനുവരി 21, ബുധനാഴ്‌ച

ഓട്ടം വന്‍ വിജയമാക്കിയവര്‍ക്കു നന്ദി



 ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി രേഖപ്പെടുത്തി. 27 വര്‍ഷത്തിനുശേഷം കേരളത്തിലെത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമാണെന്നതിന്റെ വിളംബരമാണു നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഒറ്റക്കെട്ടായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ജനബാഹുല്യംകൊണ്ടു റണ്‍ കേരള റണ്‍  റെക്കോര്‍ഡിട്ടു. കായിക കേരളത്തിനു പുതിയ ഉണര്‍വ് പകര്‍ന്നു. ഈ ഐക്യവും ഒത്തൊരുമയും ദേശീയ ഗെയിംസിന്റെ കുതിപ്പിനു വഴിയൊരുക്കും. 

ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായത്. അദ്ദേഹം ഈ പരിപാടിക്കായി പല ദിവസങ്ങളും മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടു മാത്രമാണു സച്ചിന്‍ ഇതിനു സമ്മതിച്ചത്. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്ക് വഹിച്ചെന്നും അതിന് അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ഗെയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവരെയും റണ്‍ കേരള റണ്ണുമായി ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു.