UDF

2015, ജനുവരി 10, ശനിയാഴ്‌ച

കേരളത്തിലെ ഗള്‍ഫ് റിക്രൂട്ടിങ് സര്‍ക്കാര്‍ വഴിയാക്കാന്‍ നിര്‍ദേശം
ഗാന്ധിനഗര്‍: ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍വഴി റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ പ്രവാസി ഭാരതീയസമ്മേളനത്തില്‍ നിര്‍ദേശം. ആദ്യഘട്ടമായി കുവൈത്തിലേക്കുള്ള നിയമനങ്ങള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്താനാണ് ആലോചന. കുവൈത്ത് അധികാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കേരളം വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

അംഗീകൃത ഏജന്‍സികള്‍പോലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി കേരളസര്‍ക്കാറിനെ നേരത്തേ അറിയിച്ചിരുന്നു. നോര്‍ക്കവഴി തൊഴില്‍ നിയമനങ്ങള്‍ നടത്താമെന്ന നിര്‍ദേശമാണ് ഇതിന് മറുപടിയായി കേരളം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരും ഗള്‍ഫിലെ പ്രമുഖ സംഘടനാപ്രതിനിധികളും ഉള്‍പ്പെട്ട യോഗം മഹാത്മാമന്ദിറില്‍ ചേര്‍ന്ന് ഈ നയവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 

കേരളീയര്‍ കുടുങ്ങുന്ന നിയമനത്തട്ടിപ്പുകളെപ്പറ്റി കുവൈത്ത് അംബാസഡര്‍ സുനില്‍ ജയിന്‍ വിശദീകരിച്ചു. നിയമനത്തിന് 15-20 ലക്ഷം രൂപ വരെ ഈടാക്കുന്ന സ്വകാര്യ ഏജന്‍സികളുണ്ട്. ഇതിന്റെ ഒരു വിഹിതം വിദേശരാജ്യത്തെ ഏജന്റിനും കിട്ടുന്നു. കുവൈത്തില്‍ നഴ്‌സുമാരുടെ ധാരാളം ഒഴിവുകള്‍ വരുന്നുണ്ട്. ഉടന്‍തന്നെ നാലായിരത്തോളം പേരുടെ റിക്രൂട്ട്‌മെന്റിന് സാധ്യതയുണ്ട്. 

നിലവില്‍ തൊഴില്‍വകുപ്പിന് കീഴിലുള്ള ഒഡേപ്പെക് ആണ് നിയമനം നടത്തുന്ന കേരളസര്‍ക്കാര്‍ ഏജന്‍സി. സൗദിയിലേക്ക് 166 നഴ്‌സുമാരുടെ നിയമനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. നോര്‍ക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. കുവൈത്തിനുശേഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിയമനങ്ങളും നോര്‍ക്ക പരിഗണിക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇനി മുതല്‍ സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തും. യു.എ.ഇ.യിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാ തടവുകാരെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഗള്‍ഫ് മേഖലയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പൊതുചര്‍ച്ചയില്‍ വ്യക്തമാക്കി. ഇപ്പോള്‍ 900 പേരാണ് തടവിലുള്ളത്. 

നിക്ഷേപസാധ്യതകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അവധിക്കാലത്ത് യാത്രക്കൂലി കുത്തനെ കൂട്ടുന്നതിനെ ഉമ്മന്‍ചാണ്ടി ശക്തമായി വിമര്‍ശിച്ചു. ഗള്‍ഫ് പുനരധിവാസപാക്കേജിന് കേന്ദ്രസഹായം തേടി. പ്രവാസികള്‍ക്ക് നാട്ടില്‍ റിയല്‍എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ രംഗങ്ങളില്‍ പങ്കാളികളാകാന്‍ ട്രസ്റ്റുകളും, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍പോലുള്ള സംരംഭങ്ങളും രൂപവത്കരിക്കാന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്ങിന് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.