UDF

2015, ജനുവരി 13, ചൊവ്വാഴ്ച

കേരളത്തിന്റെ ആവശ്യങ്ങളുമായി ഉമ്മന്‍ ചാണ്ടി ഇന്നു ഡല്‍ഹിക്ക്



 കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ നേടിയെടുക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒരുമിച്ച് ഇന്നു ഡല്‍ഹിക്ക്. ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  നേരില്‍ക്കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കും. അഖില കക്ഷി സംഘത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര സര്‍ക്കാരുകളെ കാണുന്നതു മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇക്കുറി ഈ രണ്ടു നേതാക്കള്‍ മാത്രമാണ് എന്നതു പ്രത്യേകതയാണ്. 

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ രാഷ്ട്രീയ സാഹചര്യമാണ് ഈ യോജിപ്പിനു വഴിവച്ചിരിക്കുന്നതും. രാവിലെ ആറിനുള്ള വിമാനത്തില്‍ ഇരു നേതാക്കളും ഒരുമിച്ചാണു യാത്ര തിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്കു മൂന്നേകാലിനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനു കേന്ദ്ര ഇടപെടലാണു കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. റബര്‍ വിലയിടിവു തടയാന്‍ അടിയന്തര നടപടികളുണ്ടാകണം എന്നതാണു മറ്റൊരു മുഖ്യ ആവശ്യം. 

തലസ്ഥാനത്തു സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ക്കായി പ്രധാനമന്ത്രിയെ കാണാന്‍ ധാരണയായിരുന്നു. വെട്ടിക്കുറച്ച മണ്ണെണ്ണ ക്വോട്ട പുനഃസ്ഥാപിക്കുക, ഹബ്ബുകള്‍ തുറക്കുന്നതോടെ കേരളത്തില്‍ നിന്നു രാജ്യാന്തര വിമാനങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയ്ക്കു  പരിഹാരം, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് അന്തിമാനുമതി തുടങ്ങിയ ആവശ്യങ്ങളും ഇരുനേതാക്കളും ഉന്നയിക്കും. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെറ്റ്‌ലിയെയും സുരേഷ് പ്രഭുവിനെയും കൂടി കാണുന്ന മുഖ്യമന്ത്രി കേന്ദ്ര ബജറ്റ്, റയില്‍വേ ബജറ്റ് എന്നിവയില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന കാര്യങ്ങളും ഉന്നയിക്കും. ഇരുനേതാക്കളും രാത്രി തന്നെ മടങ്ങും.