UDF

2015, ജനുവരി 13, ചൊവ്വാഴ്ച

മുഖ്യമന്ത്രി ഇടപെട്ടു: ബണ്ടുകളുടെ പണിയ്ക്ക് മണ്ണെടുക്കാന്‍ പ്രത്യേകപാസുകള്‍


കോള്‍വികസനം
എടപ്പാള്‍: തൃശ്ശൂര്‍-പൊന്നാനി കോള്‍മേഖലയില്‍ ബണ്ടുകളുടെ പണിയ്ക്ക് ആവശ്യമായ മണ്ണെടുക്കാന്‍ പ്രത്യേക പാസുകള്‍നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് പുതിയ തീരുമാനത്തിന് വഴിതുറന്നത്.

കോള്‍മേഖലയുടെ സമഗ്രവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 420 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിലെ ആദ്യഘട്ടമായ അടിസ്ഥാനവികസനത്തിന് മണ്ണു കിട്ടാത്തത് വലിയ പ്രശ്‌നമായി. പ്രത്യേക യോഗം വിളിച്ച് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പരിഹാരമൊരുങ്ങിയത്. 

ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. ഇതനുസരിച്ച് കോള്‍മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന 20 ബണ്ടുകളുടെ നിര്‍മാണത്തിനാവശ്യമായ മണ്ണെടുക്കാന്‍ കര്‍ശനമായ നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയും പ്രത്യേക അനുവാദംനല്‍കും. കരാറുകാര്‍ നല്‍കുന്ന അപേക്ഷകള്‍ പരിശോധിച്ച് ആവശ്യമായ മണ്ണെടുക്കാനുള്ള പ്രത്യേക പാസുകള്‍ നല്‍കുന്നതിന് അതത് ആര്‍.ഡി.ഒമാര്‍ക്ക് നിര്‍ദേശംനല്‍കി. പാസിന്റെമറവില്‍ മണ്ണ് മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നില്ലെന്നും ദുരുപയോഗം കണ്ടാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്നുമുള്ള നിബന്ധനകളോടെയാണ് പ്രത്യേകാനുമതി നല്‍കുക.