UDF

2015, ജനുവരി 10, ശനിയാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു അല്ലിഅമ്മക്ക് സഹായം ഉറപ്പാക്കി



ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍ വീട് പൊളിച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ അല്ലിയമ്മക്ക് അടിയന്തരമായി പുനരധിവാസം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശമനുസരിച്ച് അല്ലിയമ്മയെ സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ ഇക്കാര്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അടിയന്തരസഹായമായി 5000 രൂപയും ജില്ലാ കളക്ടര്‍ കൈമാറി.

ഇന്നലെ വൈകീട്ടാണ് ജില്ല കളക്ടര്‍ തേവര കായല്‍ത്തീരത്തെ അല്ലിയമ്മയുടെ വീട്ടിലെത്തിയത്. തകര്‍ന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ജില്ല കളക്ടര്‍ വിലയിരുത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിക്കായി മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പി.ഐ.ഷെയ്ക് പരീത് ജില്ല കളക്ടറായിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ ഇവര്‍ക്കനുകൂലമായി ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തേവര ഭാഗത്തുതന്നെ പുനരധിവാസത്തിന് യോജിച്ച സ്ഥലമുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനു മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഡിംസബര്‍ 31നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ തേവര മട്ടമേലിലുള്ള അല്ലിയമ്മയുടെ വീട് പൊളിച്ചത്. കൊച്ചിയില്‍ വന്‍കിട ഫഌറ്റുടമുകളും ഹോട്ടലുടമകളും കായല്‍ കയ്യേറിയ പരാതിയില്‍ നടപടിയെടുക്കാത്ത കോര്‍പ്പറേഷന്‍ അല്ലിയമ്മയുടെ വീട് പൊളിച്ചത് വലിയ പ്രതിഷേധത്തിനിടായാക്കിയിരുന്നു.

8 വര്‍ഷം മുമ്പ് അയല്‍വാസി നല്‍കിയ പരാതിയിലാണ് വീട് പൊളിക്കാനുള്ള കോടതി ഉത്തരവുണ്ടായത്. വീടിന് മുകളിലേക്ക് ചാരിനിന്നിരുന്ന അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് മുറിപ്പിച്ചതിലുള്ള പ്രതികാരമായാണ് ഇയാള്‍ അല്ലിയമ്മക്കെതിരെ കേസ് കൊടുത്തത്. പരാതി നല്‍കിയ അയല്‍വാസിയുടെ ഭൂമിയുടെ പകുതിയോളം പുറമ്പോക്കാണെന്ന് അല്ലിയമ്മയുടെ ബന്ധുക്കള്‍ പറയുന്നു.

നേരത്തെ രണ്ട് തവണ വീട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ ഉത്തരവിനെതിരെ ബന്ധുക്കളുടെ സഹായത്തോടെ അല്ലിയമ്മ സ്‌റ്റേ സമ്പാദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിംസബറില്‍ വീടിന്റെ ചായ്പ്പ് പൊളിക്കാനുള്ള കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും അന്ന് ജില്ലാ കളക്ടറായിരുന്നു ഷെയ്ക് പരീത് ഇടപ്പെട്ട് തടഞ്ഞു.