UDF

2014, നവംബർ 24, തിങ്കളാഴ്‌ച

ഭാരതത്തിന് ഒരു പൊന്‍തൂവല്‍കൂടി


ഭാരതത്തിന് ഒരു പൊന്‍തൂവല്‍കൂടി

നമുക്കെല്ലാം അഭിമാനിക്കാം.വിസ്മയകരമായ ജീവിതത്തിന്റെ ഉടമകളാണ് ചാവറയച്ചനും എവുപ്രാസ്യമ്മയും. ഇരുവരും ആധ്യാത്മിക ഗോപുരങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതുന്നു.


ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സമ്പത്തിന്റെ കേദാരമാണു ഭാരതം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നമ്മുടെ ആത്മീയ പൈതൃകം ഇന്നും ലോകത്തിനു പ്രകാശം ചൊരിയുന്നു. ആഴത്തിലുള്ള അറിവുകള്‍, അത്ഭുതകരമായ ജീവിതം നയിച്ച സന്യാസികള്‍, അമ്പരപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍, വിസ്മയകരമായ വൈവിധ്യങ്ങള്‍ ഇവയൊക്കെ നമ്മുടെ ആധ്യാത്മിക പൈതൃകത്തെ വേറിട്ടതാക്കുന്നു. ഹിന്ദുമതത്തോട് തൊട്ടുരുമ്മി നിന്നു പ്രവര്‍ത്തിച്ച ബുദ്ധമതവും ഇസ്ലാംമതവും ക്രിസ്തുമതവും ജൈനമതവും സിഖ് മതവുമൊക്കെ ചേര്‍ന്ന് ഭാരതത്തെ മതങ്ങളുടെ നാടാക്കി. ഇത്രയും സമ്പന്നമായ ഒരു ആധ്യാത്മിക പൈതൃകം മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയില്ല.

ഈ മഹത്തായ പാരമ്പര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണികളാണ് കുര്യാക്കോസ് ചാവറ ഏലിയാസച്ചനും എവുപ്രാസ്യമ്മയും. ഇവരെ വിശുദ്ധരായി റോമില്‍ പ്രഖ്യാപിക്കുമ്പോള്‍ കേരളവും ഭാരതവുമാണ് ആദരിക്കപ്പെടുന്നത്. നമ്മുടെ ആധ്യാത്മിക പൈതൃകം ഒരിക്കല്‍കൂടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. നമുക്കെല്ലാം അഭിമാനിക്കാം.വിസ്മയകരമായ ജീവിതത്തിന്റെ ഉടമകളാണ് ചാവറയച്ചനും എവുപ്രാസ്യമ്മയും. ഇരുവരും ആധ്യാത്മിക ഗോപുരങ്ങള്‍. അതേസമയം, ചാവറയച്ചന്‍ കേരളത്തിന്റെ നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവും കൂടിയായിരുന്നു.

കേരളത്തിന്റെ ഇരുളടഞ്ഞ 19-ാം നൂറ്റാണ്ടിലൂടെയാണ് ചാവറയച്ചന്റെ ജീവിതം (1805-1871) കടന്നുപോയത്. അന്നത്തെ സാമൂഹിക സാംസ്‌കാരികാവസ്ഥ നമുക്കിന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ജാതിവ്യവസ്ഥയെ ആധാരമാക്കി യുക്തിഹീനമായ പല അനാചാരങ്ങളും കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റിയിരുന്നു. വിഭ്യാഭ്യാസപരമായി എല്ലാവരും ഏറെ പിന്നിലായിരുന്നു. ആശാ•ാര്‍ നടത്തുന്ന നിലത്തെഴുത്തു കളരികളാണ് അന്നുണ്ടായിരുന്നത്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, വൈകുണ്ഠസ്വാമികള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ നവോത്ഥാനത്തിന്റെ പതാക വാഹകരായി കടന്നുവന്നു. അവരുടെ ഗണത്തിലാണ് ചാവറയച്ചന്റെ സ്ഥാനം. സ്വസമുദായത്തോടൊപ്പം മറ്റു സമുദായങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ചാവറയച്ചന്റെ പ്രവര്‍ത്തനം.

അറിവാണു ശക്തിയെന്നു ചാവറയച്ചന്‍ തിരിച്ചറിഞ്ഞു. അറിവിന്റെ അഭാവമാണ് എല്ലാ തി•കളുടെയും അടിസ്ഥാനം. മാന്നാനത്ത് സംസ്‌കൃത സ്‌കൂള്‍ സ്ഥാപിച്ചുകൊണ്ട് ചാവറയച്ചന്‍ വിദ്യാഭ്യാസ മേഖലയിലേക്കു കാല്‍വച്ചു. തുടര്‍ന്ന് കേരളത്തെ അടിമുടി മാറ്റിമറിച്ച ആഹ്വാനം ഉയര്‍ന്നു- ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം!. ജാതിമതവര്‍ഗഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം നല്കണമെന്നും വികാരി ജനറല്‍ എന്ന നിലയില്‍ അദ്ദേഹം കല്പന നല്‍കി.

പള്ളിക്കൂടം സ്ഥാപിക്കുന്ന കാര്യത്തില്‍ പല പള്ളികളും അനാസ്ഥ കാട്ടിയപ്പോള്‍ വികാരി ജനറല്‍ തന്റെ അധികാരം വിനിയോഗിച്ചു. പള്ളിക്കൂടം സ്ഥാപിച്ചില്ലെങ്കില്‍ കുര്‍ബനായും മറ്റു കൂദാശകളും നടത്തുവാനുള്ള അനുവാദം തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളം പുതിയൊരു കാലഘട്ടത്തിലേക്കു പ്രവേശിച്ചത് ഈ ഉത്തരവിലൂടെയാണ്. വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങള്‍ക്ക് അങ്ങനെ നാന്ദികുറിച്ചു. കേരളത്തില്‍ ഒരു പൊതുസമൂഹം സൃഷ്ടിക്കപ്പെട്ടു.

അവശസമുദായത്തില്‍പ്പെട്ടവര്‍ക്ക് സവര്‍ണരുടെ വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടം. ചാവറയച്ചന്‍ പള്ളിക്കൂടങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടു. ദളിതരുടെ വീട്ടില്‍ ചെന്ന് കുട്ടികളെ പള്ളിക്കൂടത്തിലയയ്ക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ക്ക് പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സൗജന്യമായി നല്‍കി. ഇതൊക്കെ ചെയ്തിട്ടും ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോകുന്നത് അച്ചന്‍ ശ്രദ്ധിച്ചു. അവര്‍ക്ക് ഉച്ചഭക്ഷണമില്ലാത്തതാണു കാരണമെന്ന് കണ്ടെത്തി. അതിനു പരിഹാരമായാണ് പള്ളിക്കൂടങ്ങളില്‍ സൗജന്യ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചത്. ഇതു കേരളത്തിനും പിന്നീടു പല സംസ്ഥാനങ്ങള്‍ക്കും വഴികാട്ടിയായി. ചാവറയച്ചന്‍ നിര്‍ദ്ദേശിച്ച പിടിയരിപ്പരിവിലൂടെയാണ് ഉച്ചക്കഞ്ഞി വിതരണത്തിനുള്ള അരി പള്ളികള്‍ സമാഹരിച്ചത്. ഓരോ കുടുംബത്തിലും ഉച്ചയ്ക്ക് ഊണിന് അരി അളന്നെുടുക്കുമ്പോള്‍ ഒരു പിടി അരി പാവപ്പെട്ടവര്‍ക്ക് മാറ്റിവച്ച് പള്ളിക്കു നല്കണമായിരുന്നു.

അക്ഷരം പഠിച്ചവര്‍ക്ക് തുടര്‍ന്നു അവര്‍ക്കു വായിക്കാന്‍ നല്കണം. അതിന് ആദ്യം പ്രസ് വേണം. രാജ്യത്ത് അന്ന് ചുരുക്കം ചിലയിടങ്ങളില്‍ മാത്രമേ പ്രസ് ഉണ്ടായിരുന്നുള്ളു. കേരളത്തില്‍ രണ്ടെണ്ണം, പ്രൊട്ടസ്റ്റന്റുകാര്‍ കോട്ടയത്തു സ്ഥാപിച്ചിരുന്ന സി.എം.എസ്. പ്രസും തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസും. ആദ്യത്തേതില്‍ മതപരമായ കാര്യങ്ങളും രണ്ടാമത്തേതില്‍ സര്‍ക്കാര്‍ കാര്യങ്ങളും മാത്രമാണ് അച്ചടിച്ചിരുന്നത്. അദ്ദേഹം തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ് കാണുകയും അതിന്റെ ചിത്രം മനസില്‍ വരച്ചിടുകയും ചെയ്തു. തിരിച്ച് മാന്നാനത്ത് എത്തിയ ഉടനേ കുറെ വാഴപ്പിണ്ടികള്‍ വെട്ടിയെടുത്ത് അതില്‍ പ്രസിന്റെ മാതൃക സൃഷ്ടിച്ച് ആശാരിയോട് അതനുസരിച്ച് പ്രസ് പണിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേ സാഹസികതയോടെ അക്ഷരങ്ങള്‍, അച്ചടി മഷി, കടലാസ് തുടങ്ങിയവയും സമ്പാദിച്ചു. അങ്ങനെ 1846-ല്‍ മാന്നാനത്ത് സെന്റ് ജോസഫ്‌സ് പ്രസ് സ്ഥാപിതമായി. ആദ്യത്തെ മലയാള ദിനപത്രമായ ദീപിക അച്ചടിച്ചത് 1887 ല്‍ ഈ പ്രസില്‍ നിന്നാണ്. കൂനമ്മാവില്‍ മറ്റൊരു പ്രസ് കൂടി സ്ഥാപിച്ചു. അങ്ങനെ ചാവറയച്ചന്‍ മലയാളത്തിലെ അച്ചടി മാധ്യമരംഗത്തിന്റെ തലതൊട്ടപ്പനായി.

19-ാം നൂറ്റാണ്ടിന്റെ മധ്യം വരെ സുറിയാനി ഭാഷയിലും മറ്റുമാണ് ബൈബിളും പള്ളിയിലെ മറ്റ് ആരാധനാക്രമങ്ങളും ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ചാവറയച്ചന്‍ മാതൃഭാഷയ്ക്ക് പ്രാമുഖ്യം നല്‍കി ചില കൃതികള്‍ മലയാളത്തില്‍ പുന:പ്രസിദ്ധീകരിച്ചു. വിവിധ ഭാഷകളില്‍ പണ്ഡിതനായിരുന്ന ചാവറയച്ചന് സര്‍ഗവാസനയും ഉണ്ടായിരുന്നു. ആധുനിക മലയാള ഭാഷയും അതിലെ ഗദ്യ-പദ്യ രചനാരീതിയും വളരെയൊന്നും വളര്‍ന്നു കഴിഞ്ഞിട്ടില്ലാത്ത അക്കാലത്ത് അച്ചന്‍ എഴുതിയ ആത്മാനുപാതം, അനസ്താസിയായുടെ രക്തസാക്ഷ്യം, മരണവീട്ടില്‍ പാടാനുള്ള പാന, ഇടയനാടകങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ മലയാള ഭാഷാ വികസനത്തിനും പങ്കു വഹിച്ചു. കുടുംബാംഗങ്ങള്‍ അനുവര്‍ത്തിക്കേണ്ട പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ഒരു നല്ല അപ്പന്റെ ചാവരുള്‍' എന്ന കൃതിക്ക് ഇന്നും പ്രസക്തിയുണ്ട്. സാധാരണക്കാര്‍ക്കു മനസിലാകുന്നതിനുവേണ്ടി തികച്ചും ലളിതമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസസഭയാണ് 1831 ല്‍ ചാവറയച്ചന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സി.എം.ഐ. സഭ. തുടര്‍ന്ന് സി.എം.സി, സി.ടി.സി സന്യാസിനീ സഭകള്‍ക്കും രൂപം നല്കി. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, അധ്യാത്മിക മേഖലകളില്‍ ഈ സഭകള്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി വരുന്നു. ചാവറയച്ചന്റെ മാതൃക പിന്തുടര്‍ന്ന് മുന്നൂറോളം സന്യാസ സമൂഹങ്ങള്‍ പിറന്നു. ഒരു ലക്ഷത്തോളം അംഗങ്ങളുണ്ട് ഈ സഭകളില്‍.

ചാവറയച്ചന്റെ ബഹുതല ജീവിതത്തില്‍ ഏറ്റവും പ്രാമുഖ്യം ആധ്യാത്മികതലത്തിനു തന്നെയാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അന്തര്‍ധാര ആധ്യാത്മിക ചൈതന്യമാണ്. അനാഥര്‍ക്കും രോഗികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടി സ്ഥാപിച്ച ഉപവിശാല, ബുദ്ധിമാന്ദ്യകേന്ദ്രം, ശിശുഭവനം, വികലാംഗ കേന്ദ്രം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇതു പ്രതിഫലിക്കുന്നു. മാന്നാനം ആശ്രമ ദേവാലയത്തിലുള്ള ചാവറയച്ചന്റെ കബിറടത്തിലേക്ക് ഒന്നരനൂറ്റാണ്ടായി ആളുകള്‍ ഒഴുകിയെത്തുന്നത് ഈ വടവൃക്ഷത്തിന്റെ തണലില്‍ സാന്ത്വനം തേടിയാണ്. അദ്ദേഹം വിശുദ്ധനാക്കപ്പെടുന്നത് തുടര്‍ച്ചയായി പ്രസരിക്കുന്ന അധ്യാത്മിക ചൈതന്യത്തിന്റെ വെളിച്ചത്തിലാണ്.

എവുപ്രാസ്യമ്മ

ചാവറയച്ചന്‍ സ്ഥാപിച്ച കര്‍മല മഠത്തിലെ അംഗമാണ് ചാവറയച്ചനോടൊപ്പം വിശുദ്ധയാക്കപ്പെടുന്ന എവുപ്രാസ്യമ്മ എന്നത് ദൈവഹിതമോ ചരിത്രനിയോഗമോ ആയിരിക്കാം. മരിക്കുന്നതിനു അഞ്ചുവര്‍ഷം മുമ്പ് 1866 ലാണ് ഈ സന്യാസിനി സമൂഹത്തിനു ചാവാറയച്ചന്‍ തുടക്കമിട്ടത്. ആദ്യ സന്യാസിനികളില്‍ രണ്ടുപേര്‍ വിധവകളായിരുന്നു. വൈധ്യവും തൊട്ടുകൂടായ്മയായി കരുതിയിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത്. മഠം ആരംഭിച്ച് 31 വര്‍ഷത്തിനുശേഷം കര്‍മലമഠത്തില്‍ അംഗമായി ചേര്‍ന്ന എവുപ്രാസ്യമ്മ വിശുദ്ധയാക്കപ്പെടുമ്പോള്‍ ഇത്തരമൊരു അംഗീകാരം മറ്റൊരു സന്യാസസഭയ്ക്കും അവകാശപ്പെടാനാവില്ല.

ഒന്‍പതാമത്തെ വയസില്‍ ദൈവത്തിനു സ്വയം സമര്‍പ്പിച്ച ജീവിതം. പന്ത്രണ്ടാമത്തെ വയസില്‍ തിരുക്കുടുംബത്തിന്റെ അത്ഭുത ദര്‍ശനം. അഞ്ചു ദശാബ്ദത്തിലധികം നീണ്ട സന്യാസജീവിതം ആധ്യാത്മിക പ്രഭ നിറച്ചതായിരുന്നു. നിരന്തരമായ പ്രാര്‍ത്ഥനയായിരുന്നു എവുപ്രാസ്യമ്മയുടെ ജീവിതം. പ്രാര്‍ത്ഥിക്കുന്ന അമ്മ എന്നാണ് അവര്‍ അറിയപ്പെടുന്നത്. സക്രാരിയുടെ മുന്നിലായിരുന്നു അവരുടെ ജീവിതം. രാത്രിയും പകലും ജപമാലയര്‍പ്പണത്തില്‍ മുഴുകി. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റി. രണ്ടു കാന്‍സര്‍ രോഗികളുടെ അത്ഭുതകരമായ രോഗശാന്തിയാണ് എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവളും വിശുദ്ധയുമായി ഉയര്‍ത്താനുള്ള കാരണമായി സഭ കണ്ടെത്തിയത്.

'പണത്തില്‍ കുറഞ്ഞാലും പുണ്യത്തില്‍ കുറയരുത്' എന്ന എവുപ്രാസ്യമ്മയുടെ ആഹ്വാനം സമൂഹത്തെ സ്വാധീനിച്ചു. ലാളിത്യവും എളിമയും നിറഞ്ഞതായിരുന്നു അമ്മയുടെ ജീവിതം. അത് കണ്ട് ധാരാളം പേര്‍ അതു ജീവിതത്തില്‍ സ്വായത്തമാക്കി.

കുടുംബങ്ങളുടെ മധ്യസ്ഥയായാണ് എവുപ്രാസ്യമ്മ അറിയപ്പെടുന്നത്. സ്വത്തുതര്‍ക്കം, കുടുംബങ്ങള്‍ തമ്മിലുള്ള ഭിന്നത, മക്കളില്ലായ്മ, വിവാഹതടസം, സാമ്പത്തിക ബാധ്യതകള്‍, രോഗങ്ങള്‍, മനോവൈകല്യങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുമായി അവര്‍ അവരുടെ അടുത്തെത്തി. സാന്ത്വനം നേടി അവര്‍ മടങ്ങി.

വിശുദ്ധരുടെ കൂട്ടായ്മ

വിശുദ്ധ അല്‍ഫോന്‍സാമ്മയാണ് കത്തോലിക്കാസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധ. ചാവറയച്ചനുമായി അഗാധമായ ആത്മീയബന്ധം ഉണ്ടായിരുന്നു അല്‍ഫോന്‍സാമ്മയ്ക്ക്. ഇരുവരെയും വാഴ്ത്തപ്പെട്ടവരായി കോട്ടയത്ത് ഒരേ വേദിയില്‍വച്ചാണു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത്. എവുപ്രാസ്യമ്മ ചാവറയച്ചന്‍ സ്ഥാപിച്ച സഭയിലെ അംഗവും. മൂവരുടെയും ആത്മീയബന്ധം കത്തോലിക്കസഭയ്ക്കും കേരളത്തിനും രാജ്യത്തിനും അഭിമാനിക്കാന്‍ വഴിയൊരുക്കി. ഭാരത്തിന്റെ അധ്യാത്മിക പൈതൃകത്തിന് ഒരു പൊന്‍തൂവല്‍ കൂടി.