UDF

2014, നവംബർ 26, ബുധനാഴ്‌ച

മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല

മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല


തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊന്നൊടുക്കുന്ന രണ്ടുമാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

രണ്ടുമാസം വരെ പ്രായമുള്ള താറാവുകള്‍ക്ക് 75 രൂപയും മറ്റുള്ളവയ്ക്ക് 150 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ആശങ്കയ്ക്ക് വകയില്ല. എന്നാല്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്ഥിതിഗതികഗള്‍ നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകള്‍ ഇല്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഒന്‍പത് ദിവസത്തേക്കുള്ള കരുതല്‍ മരുന്ന് ശേഖരമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വസ്ത്രങ്ങളുടെ ശേഖരവുമുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.