UDF

2014, നവംബർ 7, വെള്ളിയാഴ്‌ച

എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം പണിയും

എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം പണിയും - മുഖ്യമന്ത്രി

 

 

തൃശ്ശൂര്‍: എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ പൂത്തോളില്‍ സൈനിക ക്ഷേമ വകുപ്പ് നിര്‍മ്മിച്ച സൈനിക വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇപ്പോള്‍ വിശ്രമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉടന്‍ പൂര്‍ത്തിയാക്കും. മറ്റു ജില്ലകളിലും സമീപഭാവിയില്‍ തന്നെ വിശ്രമകേന്ദ്രങ്ങള്‍ പണിയും. സൈനികരുടെയും വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമ പുനരധിവാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

വയോധികരായ മുന്‍ സൈനികരെയും യുദ്ധവിധവകളെയും മുഖ്യമന്ത്രി ആദരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വിശ്വനാഥന്റെ ഭാര്യ ജലജ, ഹവില്‍ദാര്‍ ഇ.കെ. ഈനാശുവിന്റെ ഭാര്യ ഷിജി, അന്തരിച്ച ഹവില്‍ദാര്‍ സി.കെ. ബാലകൃഷ്ണന്റെ ഭാര്യ രത്‌നവല്ലി എന്നിവരെയും മേജര്‍ ജനറല്‍ ഡോ. എം.എന്‍. ഗോപിനാഥന്‍ നായര്‍, കേണല്‍ ബി.ജെ. അക്കര, കേണല്‍ എം. രവീന്ദ്രനാഥ്, നായിക് സുബൈദാര്‍ എം.എ. വില്‍സണ്‍, കരസേന സാച്ചര്‍ ലോനക്കുട്ടി, എന്‍.സി (ഇ) കെ.എ. ഡേവിഡ് എന്നിവരെയുമാണ് ആദരിച്ചത്. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ആധ്യക്ഷ്യം വഹിച്ചു.