UDF

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനയാകും

വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനയാകും- മുഖ്യമന്ത്രി

 

വൈക്കം: സാമൂഹികമാറ്റത്തിന്റെ ശക്തിസ്രോതസ്സായ വൈക്കം സത്യാഗ്രഹവും പോരാട്ടത്തിന് വീര്യം പകര്‍ന്ന മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യവും സമരചരിത്രത്തെ ലോകമെമ്പാടും ചര്‍ച്ചാവിഷയമാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗാന്ധിജിയുടെ ദര്‍ശനങ്ങളും ലക്ഷ്യങ്ങളും പുതിയ തലമുറ സ്വായത്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെയും സ്മരണ നിലനിര്‍ത്താന്‍ വൈക്കം സത്യാഗ്രഹസ്മാരക സമുച്ചയത്തോടു ചേര്‍ന്ന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ പൂര്‍ണകായ വെങ്കലപ്രതിമയുടെയും സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയത്തിന്റെയും നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരു കോടി 68 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക മതിയാകാത്ത സാഹചര്യത്തില്‍ സാംസ്‌കാരിക വകുപ്പില്‍നിന്ന് 25 ലക്ഷം രൂപകൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ഗാന്ധിജയന്തിദിനത്തില്‍ ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തില്‍ ഗാന്ധിജിയുടെ വെങ്കലപ്രതിമയും അടുത്ത ഘട്ടത്തില്‍ മ്യൂസിയത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കും. ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നതാണ് ദേശീയ നിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന മ്യൂസിയം. മഹാത്മജി സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മ്യൂസിയത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായി. മഹാത്മാഗാന്ധി വൈക്കത്ത് ആദ്യം കാലുകുത്തിയ വൈക്കം ബോട്ട്‌ജെട്ടി അറ്റകുറ്റപ്പണികള്‍ നടത്തി ചരിത്രസ്മാരകമായി കാത്തുസൂക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.