UDF

2014, ജനുവരി 13, തിങ്കളാഴ്‌ച

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം നീക്കിവച്ചു - മുഖ്യമന്ത്രി

 


കോട്ടയം: വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിന്റെ ഒരുശതമാനം വിനിയോഗിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോട്ടയം കളക്ടറേറ്റ് ഹാളില്‍, 'സ്വാമി വിവേകാനന്ദന്‍' യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാനം 500 കോടി രൂപയാണ് യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. കേന്ദ്രത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇത്രയധികം തുക യുവജനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി നല്‍കുന്നില്ല. പുതിയ സംരംഭങ്ങള്‍ക്കായി യുവാക്കള്‍ മുന്നോട്ടുവരണം. യുവാക്കളുടെ കഴിവനുസരിച്ചാണ് രാജ്യത്തിന് വളര്‍ച്ചയുണ്ടാകുന്നത്. സ്വാമി വിവേകാനന്ദന്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നതമായ പ്രതീകമാണെന്നും വിവേകാനന്ദജയന്തി ദിനത്തില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ചിരപ്രതിഷ്ഠ നേടിയ ആളുകള്‍ക്ക് തുടരെ പുരസ്‌കാരങ്ങള്‍ നല്‍കാതെ, ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന പുതുതലമുറയ്ക്ക് കൊടുക്കുന്നതാണ് ഉചിതമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

സുരേഷ് കാളിയത്ത് (ഓട്ടന്‍തുള്ളല്‍), ദിജു വി. (ബാഡ്മിന്റണ്‍), ഡിഗോള്‍ തോമസ് (കൃഷി), വീണ ജോര്‍ജ് (മാധ്യമ പ്രവര്‍ത്തനം), വിനോദ് നമ്പ്യാര്‍ (സാമൂഹിക പ്രവര്‍ത്തനം), മുഹമ്മദ് ഗദ്ദാഫി (സംരംഭകത്വം), അര്‍ഷാദ് ബത്തേരി (സാഹിത്യം) എന്നിവര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിലെ ആലുങ്ങാപ്പറമ്പ് ലക്കിസ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ക്ലബ്ബുകള്‍ക്കുള്ള സംസ്ഥാന തല യുവജനക്ഷേമ അവാര്‍ഡിന് അര്‍ഹമായി.